| Wednesday, 18th March 2015, 8:25 am

ഐ.എ.എസ് ഓഫീസറുടെ മരണം: വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ ഓഫീസര്‍ റെയ്ഡിനു പദ്ധതിയിട്ടിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: വാണിജ്യ നികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി.കെ രവി ഐ.എ.എസ്സിന്റെ മരണം കര്‍ണാടക തലസ്ഥാനത്തെ പ്രക്ഷുബ്ദമാക്കിയിരിക്കുകയാണ്. അതിനിടെയാണ് ഓഫീസര്‍ വന്‍കിട കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ റെയ്ഡിനു പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഗണേഷ് എസ്. കൗണ്ടിനി വെളിപ്പെടുിത്തിയിരിക്കുന്നത്.

ഒക്ടോബറില്‍ വാണിജ്യ നികുതി അഡീഷണല്‍ സെക്രട്ടറിയായി ചുമതലയേറ്റ രവി 400 കോടി രൂപയുടെ വരുമാന നികുതിയാണ് വീണ്ടെടുത്തത്. ദിവസങ്ങള്‍ക്കുമുമ്പ് താനും രവിയും സംസാരിച്ചിരുന്നു. ചില വന്‍കിട കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും ഹൗസിങ് സൊസൈറ്റികളില്‍ നിന്നും 400 കോടി രൂപയുടെ നികുതി താന്‍ വീണ്ടെടുത്തതായും ബംഗളുരൂവിലെ ചില വന്‍കിട കെട്ടിടനിര്‍മ്മാതാക്കളെ റെയ്ഡ് ചെയ്യാനൊരുങ്ങുകയാണെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും ഗണേഷ് എസ് കൗണ്ടിനി പറഞ്ഞു.

തന്റെ പക്കലുള്ള ചില തെളിവുകളടങ്ങിയ രേഖകള്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിലൂടെ വാണിജ്യ നികുതി ലംഘനങ്ങള്‍ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാനായിരുന്നു ആലോചനയെന്നും കൗണ്ടിനി പറഞ്ഞു. താന്‍ ഈയാഴ്ച്ചതന്നെ രവിയെ കാണാനിരിക്കുകയായിരുന്നുവെന്നും അതിനിടെയാണ് ഇതെല്ലാം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ മാഫിയകള്‍ക്കെതിരെയും അഴിമതിക്കെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്ന ഡി.കെ രവിയെ ഇന്നലെയാണ് തന്റെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികവിവരമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലെ തെരുവുകള്‍ പ്രക്ഷുബ്ദമായി. നിയമസഭയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ക കക്ഷികളായ ബി..ജെ.പിയും ജനതാദള്‍ എസും അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സംഭവത്തില്‍ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more