ന്യൂദല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ രവിയുടെ ദുരഹമരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പയെ ചോദ്യം ചെയ്തു. ഒപ്പം കോളാറില്‍ നിന്നുമുള്ള സ്വതന്ത്ര എം.എല്‍.എ ആര്‍ വരദൂര്‍ പ്രകാശിനേയും ചോദ്യം ചെയ്തു. ഡി.കെ രവിയും മുനിയപ്പയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു ഇതേ തുര്‍ന്നാണ് സി.ബി.ഐ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രവിയെ മാര്‍ച്ച് 16നാണ് സ്വന്തം വീട്ടിലെ സീലിങ് ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2009ലെ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്ഥനായ രവി സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമുള്ള ഉദ്യോഗസ്ഥനായിരുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ കോലാറിലെ മാഫിയകള്‍ക്കെതിരെയും അഴിമതിക്കാര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന ആളായിരുന്നു ഡി.കെ രവി.
ഇതേ തുടര്‍ന്ന് രാഷ്ട്രീയക്കാരടക്കമുള്ളവരുടെ ശത്രുതയും ഡി.കെ രവി സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ രവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.