| Friday, 13th January 2023, 11:43 am

മാജിക്കല്‍ റിയലിസവും കള്ളക്കടത്തും; വൗ ഫാക്ടറില്‍ നിന്നും ക്ലീഷേകളുടെ കുഴിയിലേക്ക് പതിക്കുന്ന ജിന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രമാണ് ജിന്ന്. ട്രെയ്‌ലറിലും പോസ്റ്ററുകളിലും ഒരു പുതുമ തോന്നിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. മാജിക്കല്‍ റിയലിസവും മിത്തുമൊക്കെ ചേരുന്ന ഒരു വൈബാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കിയത്. സിനിമയുടെ തുടക്കവും അങ്ങനെ തന്നെയാണ്.

മാനസിക പ്രശ്‌നങ്ങളുള്ള ലാലപ്പനിലൂടെയാണ് ജിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുള്ള ഒരു നാട്ടിന്‍പുറത്തെ മനോഹര കാഴ്ചകള്‍ക്കൊപ്പമാണ് ലാലപ്പന്റെ മായിക ലോകത്തേക്ക് പ്രേക്ഷകര്‍ കടക്കുന്നത്. അയാള്‍ക്ക് മരണപ്പെട്ടവരുടെ വേവലാതികള്‍ അറിയാന്‍ സാധിക്കും. മരണപ്പെട്ടവര്‍ക്ക് ബന്ധുക്കളോട് പറയാനുള്ളത് ലാലപ്പന് വേഗം മനസിലാവും. അതിനെ മറ്റുള്ളവര്‍ ഭ്രാന്തായി കാണുമ്പോള്‍ ലാലപ്പന്‍ തന്റെ ക്രിയേറ്റിവിറ്റിയായാണ് വിശേഷിപ്പിക്കുന്നത്.

പ്രായമായ അമ്മൂമ്മയെ വിളിക്കാനെത്തുന്ന കാലനേയും പോത്തിനേയും ലാലപ്പന്‍ കാണുന്നുണ്ട്. അടുത്ത പ്രാവശ്യം വരാന്‍ പറഞ്ഞ് തിരിച്ചയക്കാന്‍ നോക്കുന്നുണ്ട്. ഇത്തരത്തില്‍ രസകരമായ പ്ലോട്ട് വളരെ പുതുമയോടെയാണ് തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. ഇത്രയും എന്‍ഗേജിങ്ങായ പ്ലോട്ടില്‍ നിന്നും ജിന്ന് പിന്നീട് സഞ്ചരിക്കുന്നത് പറഞ്ഞ് പഴകിയ പാറ്റേണിലേക്കാണ്.

മാജിക്കല്‍ റിയലിസവും മിത്തുമൊക്കെ കൂടിക്കലര്‍ന്ന ലാലപ്പന്റെയും, കള്ളക്കടത്തും അധോലോകവും ചുറ്റിത്തിരിയുന്ന അനീസിന്റെയും ഒത്തുചേരലാണ് പിന്നീടങ്ങോട്ട് പ്രേക്ഷകര്‍ കാണുന്നത്, കാഴ്ചയില്‍ ഒരുപോലെയിരിക്കുന്ന പാവത്താനും, ക്രൂരനായ ഡോണും. വിധിയുടെ വിളയാട്ടത്തില്‍ പാവത്താന്‍ ഡോണിന്റെ വീട്ടിലെത്തിപ്പെടുന്നു. കാഴ്ചയില്‍ ഡോണിനെ പോലെയിരിക്കുന്ന പാവത്താനെ ആര്‍ക്കും മനസിലാവുന്നില്ല. ഡോണിന്റെ മാറ്റത്തില്‍ അമ്പരക്കുന്ന വീട്ടുകാര്‍ അവനോട് അടുക്കുന്നു.

നല്ല നിലയില്‍ പോകുന്ന കുടുംബത്തിലേക്ക് പൊടുന്നനെ ഒരു നാള്‍ ക്രൂരനായ ഡോണ്‍ തിരിച്ചെത്തുന്നു. എത്രയോ തവണ മലയാളത്തിലും ഇന്ത്യന്‍ ഭാഷകളിലും കണ്ടുതേഞ്ഞ കഥയാണ് ഇത്. കേട്ട് പഴകിയതാണെങ്കിലും പുതുമയോടെ അവതരിപ്പിച്ചിരുന്നെങ്കില്‍ ആസ്വാദനകരമാവുമായിരുന്നു. ഒരു വൗ ഫാക്ടറില്‍ നിന്നും തുടങ്ങി ക്ലീഷേകളുടെ കുഴിയിലേക്കാണ് ജിന്ന് പതിക്കുന്നത്. ഒടുവില്‍ ഒന്നുമല്ലാത്ത നിലയില്‍ ലാലപ്പന്റേയും അനീസിന്റെയും കഥ അവസാനിക്കുകയാണ്.

ലാലപ്പന്‍, അനീസ് എന്നിങ്ങനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ മികച്ച നിലയില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ചിട്ടുണ്ട്. അനീസിന്റെ മൂത്ത സഹോദരനായെത്തിയ നിഷാന്ത് സാഗറിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. നല്ലൊരു ഗ്രേസും ആകര്‍ഷണവും നിഷാന്ത് അവതരിപ്പിച്ച അമ്പൂക്ക സൃഷ്ടിക്കുന്നുണ്ട്. കാലനായെത്തിയ ശശി കലിങ്കയും ജിന്നില്‍ ഓര്‍ത്തുവെക്കുന്ന കഥാപാത്രമാണ്.

Content Highlight: djinnu movie falls from the wow factor into the pit of clichés

Latest Stories

We use cookies to give you the best possible experience. Learn more