ചില സിനിമകളിലെ, ചില ഷോട്ടുകള്‍ കാണുമ്പോള്‍ തിരക്കഥയിലുടനീളം ഈയൊരു താളബോധവും സര്‍ഗാത്മകതയും മേക്കിങ് സ്റ്റൈലും സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊരു മികച്ച സിനിമാനുഭവമായിരുന്നേനെ എന്ന് തോന്നിപ്പോകാറുണ്ട്. അത്തരമൊരു അനുഭവമാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ ജിന്ന്.
ജിന്നിന്റെ തുടക്കത്തില്‍ കാലനെയും പോത്തിനെയും കാണിക്കുന്ന ഒരു സീനുണ്ട്. വളരെ പുതുമയുള്ള ഒരു ചിന്തയായിരുന്നില്ലെങ്കിലും, ആ കാലനും പോത്തിനും അവരെ അവതരിപ്പിച്ചിരിക്കുന്ന രീതിക്കും ആ സമയത്തെ പശ്ചാത്തല സംഗീതത്തിനുമെല്ലാം സുന്ദരമായ ആസ്വദനതലമുണ്ടായിരുന്നു. മിത്തും ഫാന്റസിയും മനുഷ്യന്റെ കാഴ്ചകളും വികാരങ്ങളും ചേര്‍ന്നെത്തുന്ന ആ ഭാഗം മനോഹരവുമായിരുന്നു.
അതുപോലെ തന്നെ, ഷറഫുദ്ദീന്‍, സൗബിന്‍, സാബു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ഇരുന്ന് വെള്ളമടിക്കുന്ന രംഗത്ത് തുടയില്‍ ചെറുതായി അടിക്കുന്ന ഒരു ഭാഗമുണ്ട്. കുറച്ച് സെക്കന്റുകള്‍ മാത്രമുള്ള ആ രംഗവും നല്ലൊരു എക്‌സിക്യൂഷനായിരുന്നു. കഠിനാധ്വാനമോ ഏച്ചുകൂട്ടലോ ഇല്ലാതെ തന്നെ ചിരി വിടര്‍ത്താന്‍ സാധിക്കുന്ന ഒരു രംഗം.
പക്ഷെ, ഈ രണ്ട് സീനുകളിലും സിദ്ധാര്‍ത്ഥ് ഭരതന്‍ കാത്തുവെച്ച സൗന്ദര്യം പിന്നീട് ഒരു ഘട്ടത്തിലും ചിത്രത്തിന് പ്രദര്‍ശിപ്പിക്കാനാകുന്നില്ല.
ലാലപ്പന്‍ എന്ന ചില മാനസിക പ്രശ്‌നങ്ങളുള്ള കഥാപാത്രത്തിലൂടെയും അയാളുടെ കാഴ്ചകളിലൂടെയുമാണ് ചിത്രത്തിന്റെ ആദ്യ പകുതി നീങ്ങുന്നത്. ആ ഭാഗത്തെ മ്യൂസികും ക്യാമറ മൂവ്‌മെന്റുകളും ക്ലോസ് അപ്പ് ഷോട്ടുകളും ഇമേജറികളും കഥാപാത്ര അവതരണവുമെല്ലാം പുതുമയോടെയും വളരെ എന്‍ഗേജിങ്ങായ രീതിയിലും മുന്നോട്ടുപോകുന്നുണ്ട്.
(ഇനി ചെറിയ സ്‌പോയിലറുകളുണ്ടാകും, സിനിമ കണ്ടതിന് ശേഷം റിവ്യൂവില്‍ തുടരുക)
എന്നാല്‍ രണ്ടാം പകുതിയിലെ സ്വര്‍ണക്കടത്ത് എന്ന പ്ലോട്ടിലേക്ക് എത്തുന്നതോടെ ചിത്രം കൈവിട്ടുപോകുകയും വളരെ പ്രെഡിക്ടബിളായ ട്രാക്കിലൂടെ നീങ്ങുന്നതുമാണ് കാണാനാവുക. വലിച്ചുനീട്ടലും ലാഗുമായി ക്ലൈമാക്‌സിലേക്ക് സിനിമയെ എത്തിക്കാന്‍ കഷ്ടപ്പെടുന്ന സിദ്ധാര്‍ത്ഥ് ഭരതനാണ് ഇവിടെയുള്ളത്.
അതേസമയം, ചിത്രത്തില്‍ ഇന്‍ട്രസ്റ്റിങ്ങായ ചില സബ്‌പ്ലോട്ടുകള്‍ കൂടിയുണ്ട്. അതിലൊന്ന്, രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെ ഡൊമസ്റ്റിക് വയലന്‍സിന്റെ ക്രൂരതയും ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് മേല്‍ പുലര്‍ത്തുന്ന ആധിപത്യവും വ്യക്തമാക്കുന്നതാണ്. താന്‍ ആരോടൊപ്പവും എങ്ങനെയൊക്കെ ജീവിച്ചാലും ഭാര്യ മറ്റാരുമായും ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ല എന്ന പുരുഷന്റെ കാര്‍ക്കശ്യം ഇവിടെ കാണാനാകും.
സാഹചര്യമേതായാലും, ആരോടുള്ള ദേഷ്യമാണെങ്കിലും അതെല്ലാം ഭാര്യയായ സ്ത്രീക്ക് മേല്‍ തീര്‍ക്കുന്ന പുരുഷബോധവും ചിത്രത്തില്‍ കടുന്നുവരുന്നുണ്ട്. അതോടൊപ്പം സ്ത്രീയുടെ എല്ലാ തീരുമാനങ്ങള്‍ക്കുമേലും പുരുഷന്‍മാരും പാട്രിയാര്‍ക്കിയും പുലര്‍ത്തുന്ന ക്രൂരമായ അധികാരവുമുണ്ട്.
സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തേണ്ട കാര്യമില്ല, ആണുങ്ങളുടെ ഏത് പ്രശ്‌നത്തിനും പരിഹാരമാണ് കല്യാണം, ആണിനെ നന്നാക്കിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്ത്രീക്കാണ് എന്നിങ്ങനെയുള്ള പിന്തിരപ്പന്‍ ആശയങ്ങളെയും സിനിമ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.
മറ്റൊരു പ്ലോട്ട്, മരണവും, മരിച്ചുപോയവരുടെ വേദനകളും, അത് മനസിലാക്കുന്ന മനുഷ്യരും എന്ന ആശയത്തെ കാണിക്കുന്നതാണ്. മാനസികപ്രശ്‌നങ്ങളുമായി കണക്ട് ചെയ്തു വരുന്ന ഈ പ്ലോട്ടായിരുന്നു സിനിമയുടെ മേജര്‍ പ്ലോട്ടെങ്കില്‍ ജിന്ന് മികച്ച ഒരു സിനിമയായേനെ.
ഈ പ്ലോട്ടുകളൊഴിച്ച് നിര്‍ത്തിയാല്‍, പ്രെഡിക്ടബിളായ സ്റ്റോറിലൈനില്‍ നിരവധി അനവധി ക്ലീഷേകളും കണക്ഷന്‍ നഷ്ടപ്പെടുത്തുന്ന സീക്വന്‍സുകളുമുണ്ടായിരുന്നു. എന്താണ് ലാലപ്പന്റെ മെന്റല്‍ ഡിസോര്‍ഡറെന്ന് പറയുന്ന രംഗം ക്ലീഷേയുടെ മികച്ച ഉദാഹരണമാണ്. എന്നാല്‍ സുധീഷിന്റെയും നിഷാന്ത് സാഗറിന്റെയും പ്രകടനം ഈ ഭാഗത്തെ കുറച്ചൊക്കെ രക്ഷിക്കുന്നുണ്ട്. മറ്റൊന്ന് ജിന്ന് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സിനിമയില്‍ കുത്തിക്കയറ്റിയിരിക്കുന്നതാണ്.
കഥാപാത്രങ്ങളിലേക്ക് വന്നാല്‍, സൗബിന്‍ ഷാഹിര്‍ തന്റെ കഥാപാത്രത്തെ/കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പേരെ കയ്യടക്കത്തോടെ തന്നെയാണ് ഒരു പരിധി വരെ താരം അവതരിപ്പിച്ചിട്ടുള്ളത്.
രണ്ടാം പകുതിയോടെ കഥയും കഥാപാത്രവുമെല്ലാം കാടുകയറി പോകുന്നതിനിടയില്‍ സൗബിനും ഇടക്കെല്ലാം താളം നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, കാസര്‍ഗോഡ് പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തില്‍ സൗബിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് സ്ലാങ് തന്നെയാണ്.
ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത് നിഷാന്ത് സാഗറാണ്. അമ്പൂക്ക എന്ന കഥാപാത്രമായെത്തി വരുന്ന ഭാഗങ്ങളിലെല്ലാം സ്വാഭാവികത നിറഞ്ഞ പെര്‍ഫോമന്‍സിലൂടെ മികച്ച സ്‌ക്രീന്‍ പ്രസന്‍സ് താരം കാഴ്ചവെക്കുന്നുണ്ട്. സാബുമോനാണ് പിന്നീട് കയ്യടക്കമുള്ള പ്രകടനം പുറത്തെടുത്തത്.
ഷറഫുദ്ദീന്റെ ജാങ്കോ പ്രതീക്ഷ നല്‍കുമെങ്കിലും പകുതിക്ക് വെച്ച് ഈ കഥാപാത്രത്തെ പൂര്‍ണമായും കഥാകൃത്ത് മറന്നുകളയുകയാണ്. ലിയോണയും ശാന്തി ബാലചന്ദ്രനും തങ്ങളുടെ ഭാഗങ്ങള്‍ നല്ല നിലയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ച് സമയത്തേക്കാണെങ്കിലും കെ.പി.എ.സി ലളിതയെ സ്‌ക്രീനില്‍ കാണാനാകുന്നതിന്റെ സന്തോഷം കൂടി ജിന്ന് നല്‍കുന്നുണ്ട്.
ഗിരീഷ് ഗംഗാധരന്റെ ക്യാമറ ചിത്രത്തിലെ മിത്ത് പ്ലോട്ടിന് ഗംഭീരമായ മൂഡ് നല്‍കുന്നുണ്ട്. പ്രശാന്ത് പിള്ളൈയുടെ ബി.ജി.എം കൂടി ചേരുന്നതോടെ ജിന്നിലെ പല ഭാഗങ്ങളുടെയും മിഴിവ് കൂടും. സിദ്ധാര്‍ത്ഥ് ഭരതനും തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനും പാളിപ്പോകുന്നിടത്തെല്ലാം സിനിമയെ കുറച്ചെങ്കിലും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഗിരീഷ് ഗംഗാധരനും പ്രശാന്ത് പിള്ളൈയും ദീപു എസ്. ജോസഫിന്റെ എഡിറ്റുമാണ്. സൗബിന്‍ ഡബിള്‍ റോളിലെത്തുന്ന എല്ലാ ഭാഗങ്ങളും സാധാരണ കാണുന്ന ഡബിള്‍ റോള്‍ സീനുകളേക്കാള്‍ നിലവാരം പുലര്‍ത്തുന്നുണ്ടെന്ന കാര്യവും എടുത്തു പറയണം.
ഇങ്ങനെ ചില പോസിറ്റീവ് എലമെന്റുകള്‍ ഉണ്ടെങ്കിലും, ട്രെയ്‌ലറിലൂടെ നല്‍കിയ പ്രതീക്ഷക്കും കൗതുകത്തിനും ഒപ്പമെത്താന്‍ ജിന്നിനാകുന്നില്ല.
Content Highlight: Djinn Review