പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ബിഗ് ഷോയ്ക്ക് എന്ത് കാര്യം? വൈറലായി വീഡിയോ
Sports News
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ബിഗ് ഷോയ്ക്ക് എന്ത് കാര്യം? വൈറലായി വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 7:38 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഷഹീന്‍ ഷാ അഫ്രിദിയും സംഘവും പരാജയമേറ്റിവാങ്ങിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കവെ കിവികള്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

യൂണിവേഴ്സിറ്റി ഓവലില്‍ നടന്ന മൂന്നാം മത്സരത്തില്‍ 45 റണ്‍സിനാണ് ബ്ലാക് ക്യാപ്സ് വിജയിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. പാകിസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അസം ഖാന്‍ ക്രീസിലെത്തിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ ഡി.ജെ പ്ലേ ചെയ്ത പാട്ടാണ് ചര്‍ച്ചാ വിഷയം.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ/ എ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരവും സെവന്‍ ടൈംസ് വേള്‍ഡ് ചാമ്പ്യനുമായ ബിഗ് ഷോ/ പോള്‍ വൈറ്റിന്റെ ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ തീം സോങ്ങാണ് ഡി.ജെ പ്ലേ ചെയ്തത്. ബ്രാന്‍ഡ് ന്യൂ സിന്നിന്റെ ‘ക്രാങ്ക് ഇറ്റ് അപ്പി’ന്റെ അകമ്പടിയോടെ അസം ഖാന്‍ ക്രീസിലെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ശാന്തനായി ക്രീസിലെത്തിയ അസം ഖാന്‍ അതിലും ശാന്തതയോടെയാണ് അമ്പയറോട് ഗാര്‍ഡ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഡി.ജെക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. അസം ഖാന്റെ തടിച്ച ശരീര പ്രകൃതത്തെ കളിയാക്കുന്നതാണ് ഈ പ്രവൃത്തിയെന്നാണ് വിമര്‍ശനമുയരുന്നത്. ഈ ശരീര പ്രകൃതം കാരണം അസം ഖാന് നിരവധി വിമര്‍ശനങ്ങളും കുറ്റപ്പെടുക്കലുകളും കേള്‍ക്കേണ്ടതായും വന്നിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

അതേസമയം, മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഏഴ് പന്ത് നേരിട്ട് പത്ത് റണ്‍സ് മാത്രമാണ് അസം ഖാന്‍ നേടിയത്. മാറ്റ് ഹെന്റിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

മുന്‍ നായകന്‍ ബാബര്‍ അസം ഒഴികെയുള്ള താരങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയതോടെയാണ് പാകിസ്ഥാന്‍ മറ്റൊരു പരാജയം കൂടി ഏറ്റുവാങ്ങിയത്. 37 പന്തില്‍ 58 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാബര്‍ അര്‍ധ സെഞ്ച്വറി നേടി.

പരമ്പര നഷ്ടമായെങ്കിലും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ച് മുഖം രക്ഷിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്. ജനുവരി 19നാണ് പരമ്പരയിലെ നാലാം മത്സരം. ഹാഗ്‌ലി ഓവലാണ് വേദി.

 

 

Content highlight: DJ Played Big Show’s theme music when Azam Khan came to bat