| Tuesday, 18th January 2022, 6:07 pm

കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ ഡി.ജെ പാര്‍ട്ടി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം പേര്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്.

അതേസമയം, നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്-19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഏര്‍പ്പെടുത്തിയ ഡി.ജെയാണിതെന്നാണ് സൂചന.

അതിനാല്‍ പരിപാടി മാറ്റിവെക്കാതെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശക്തമായി നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധനയ്ക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

തലസ്ഥാനത്ത് ഇന്ന് ടി.പി.ആര്‍ 48 ശതമാനമാണ്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.

രോഗ വ്യാപനത്തെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കളക്ടറുടെ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും മന്ത്രി അറിയിച്ചു.

ചില സംഘടനകള്‍ പരിപാടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇത് അനുവദിക്കാന്‍ പാടില്ല. നിയന്ത്രണങ്ങളില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ഇത് സര്‍ക്കാരിനെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നാളെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: DJ party at Government College, Pattambi in violation of Covid control

We use cookies to give you the best possible experience. Learn more