| Monday, 27th July 2020, 10:46 am

ഞങ്ങളുടെ വസ്തുവകകള്‍ തൊടുന്നവര്‍ കത്തും, വിവാദമായി ഹയ സോഫിയയിലെ പുരോഹിതന്റെ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെയുള്ള വിവാദം തുടരുന്നു. 86 വര്‍ഷത്തിനു ശേഷം ഹയ സോഫിയയില്‍ ആദ്യ മുസ്ലിം പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതന്‍ അലി എര്‍ബസ് നടത്തിയ വിവാദ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്.

ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴില്‍ വരുന്ന ഏത് വസ്തുവകകളും തൊടുന്നവര്‍ കത്തും എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതന്‍ പറഞ്ഞത്.

‘ കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തില്‍ അലംഘനീയമാണ്, അത് തൊടുന്നവര്‍ കത്തും. ഇത് ലംഘിക്കുന്നവര്‍ ശപിക്കപ്പെടും,’

ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുര്‍ക്കിയുടെ സ്ഥാപകനും ഹയ സോഫിയയെ 1934 ല്‍ മുസ്ലിം പള്ളിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത മുസ്തഫ കമാല്‍ അത്തതുര്‍ക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമര്‍ശമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഐ.വൈ.ഐയും ഉള്‍പ്പെടെ ഇമാമിനെതിരെ രംഗത്തു വന്നിട്ടുണ്ട്. വിവാദ പ്രസ്താവന നടത്തിയ ഇമാം രാജി വെക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

അത്ത തുര്‍ക്കിനെതിരെയുള്ള പ്രസ്താവനയ്ക്ക് നിങ്ങള്‍ക്ക് വില നല്‍കേണ്ടി വരുമെന്നാണ് സി.എച്ച്.പി പാര്‍ട്ടി പ്രതികരിച്ചത്.

‘ഒരു ദിവസം എര്‍ബെയ്‌ക്കെതിരെ രാഷ്ട്രീയവും നീതി ന്യായപരമവുമായ പ്രത്യഘാതങ്ങള്‍ ഉണ്ടായേക്കും’ ഐ.വൈ.ഐ പാര്‍ട്ടി പ്രതികരിച്ചു.

എന്നാല്‍ ആരോപണങ്ങളെ എര്‍ബസ് എതിര്‍ത്തു. തന്റെ പരാമര്‍ശം ഈ ഉദ്ദേശത്തോടെ അല്ലായിരുന്നെന്നാണ് ഇമാം പറഞ്ഞത്. ഫൗണ്ടേഷനുകളും പൊതു സ്വത്തു വകകളും സംരക്ഷിക്കാന്‍ പൊതുജനങ്ങളോ ഓര്‍മ്മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്ലിം ആരാധനലയമാക്കി മാറ്റിയ ശേഷമുള്ള ആദ്യ പ്രാര്‍ത്ഥന ജൂലൈ 24 ന് നടന്നിരുന്നു. പ്രാര്‍ത്ഥനയ്ക്കായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും മന്ത്രിമാരും എത്തി.

86 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഹയ സോഫിയയില്‍ നമസ്‌കാരം നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് പ്രാര്‍ത്ഥനക്കായി എത്തിയത്.
1500 ലേറെ വര്‍ഷം പഴക്കമുള്ള ഹയ സോഫിയ കഴിഞ്ഞ ജൂലൈ 10 നാണ് മസ്ജിദാക്കി മാറ്റിയത്.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more