|

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു; ഭൂമി കൊടുത്തത് ശബരീനാഥിന്റെ സുഹൃത്തിന്റെ ബന്ധുവിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയ നടപടി വിവാദമാകുന്നു. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരീനാഥ് എം.എല്‍.എയുടെ കുടുംബസുഹൃത്തിന് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത് എന്നാണ് ആരോപണം.

Read Also :‘നെല്‍വയല്‍ സംരക്ഷിക്കലാണ് എന്റെ ജോലി, അത് ഞാന്‍ ചെയ്യും’; കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി വി.എസ് സുനില്‍കുമാര്‍, വീഡിയോ

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

Read Also :നാലു ഗോളുകളുമായി ഹാട്രീക്കില്‍ ഹാഫ് സെഞ്ച്വറി: ഇത് റൊണാള്‍ഡോ മാജിക്ക്; റയലിന് മിന്നും ജയം

ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടിരിക്കുന്നത്. സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ ദിവ്യ എസ് അയ്യര്‍ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പതിച്ചു നല്‍കിയതിതെിരെ ഇലകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വി ജോയി എം.എല്‍.എ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു.


Read Also :അവസാനിക്കാത്ത അടിമത്തം