കോഴിക്കോട്: പലതരത്തിലുള്ള അതിക്രമങ്ങളിലൂടെയാണ് സ്ത്രീകള്‍ കടന്നു പോകുന്നത്. ചൂഴ്ന്നുള്ള നോട്ടം മുതല്‍ ശാരീരികമായ അതിക്രമങ്ങള്‍ വരെ സ്ത്രീകള്‍ക്കു നേരെയുണ്ടാകാറുണ്ട്. അത്തരത്തില്‍ തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ തുറിച്ചു നോക്കിയവന് പണികൊടുത്തിനെ കുറിച്ച് പറയുകയാണ് സിനിമാതാരം ദിവ്യപ്രഭ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യപ്രഭ തനിക്കുണ്ടായ അനുഭവം പങ്കു വെച്ചത്.
പത്തനംതിട്ടയില്‍ നിന്നും എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു നടിയെ തൊട്ട് മുമ്പിലെ സീറ്റിലിരുന്ന യുവാവ് തുറിച്ചു നോക്കിയത്. യാത്രയിലുടനീളം തന്നെ അര്‍ത്ഥം വെച്ച രീതിയല്‍ നോക്കിയവനോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കുനേരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും നടി പറയുന്നു.
സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടയാളെ ഓട്ടോ റിക്ഷക്കാരുടെ സഹായത്തോടെ പിടിച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു നടി.
ടേക്ക് ഓഫ്, നടന്‍, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടയിയാണ് ദിവ്യപ്രഭ. ജൂണ്‍ അഞ്ചാം തിയ്യതിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
ദിവ്യപ്രഭയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് എറണാകുളം വയറ്റില വരെ ഉള്ള ലോ ഫ്‌ളോര്‍ എ.സി. ബസ്സില്, കണ്ടാല്‍ ഒരു 25 വയസ്സ് തോന്നുന്ന ഒരു ചുള്ളന്‍ ന്യൂ ജെന് ചെക്കന്‍ ഒപ്പം ഒരു കൂട്ടുകാരനും! എന്റെ ഓപ്പോസിറ്റ് ആയി സൈഡില് ഇരിക്കുന്നുണ്ടായിരുന്നു. അവന എന്നെ നോക്കി നോക്കി നോക്കി വളരെ ആസ്വദിച്ചാണ് ഇരിക്കുന്നത്. ഒരു മണിക്കൂര്‍ ഞാന്‍ സഹിച്ചു, ഇനി വല്ല സിനിമയിലും എന്നെ കണ്ട് പരിചയം തോന്നി നോക്കിയതാണെങ്കിലോ. പക്ഷേ പിന്നീട് ഞാന്‍ ശരിയ്ക്കും ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ മനസ്സിലായി അവന്റെ പ്രശ്‌നം എന്താണെന്ന് സാധാരണയായി എന്നെ ഇങ്ങനെ നോക്കി കൊല്ലുന്നവരെ അവരുടെ നോട്ടം എനിയ്ക്ക് സഹിക്കാന് പറ്റുന്നില്ല എന്ന് സൂചിപ്പിക്കണമല്ലോ. അതിനുവേണ്ടി തന്നെ തിരിച്ച് ഞാനും തറപ്പിച്ച് നോക്കാറുണ്ട്. പക്ഷേ അതൊന്നും ഇവിടെ വിലപ്പോയില്ല, ചെക്കന്‍ ഭീകരന്‍ ആണെന്ന് അപ്പോള്‍ മനസ്സിലായി. ഇടവിട്ട് രണ്ടുമൂന്ന് മിനിറ്റ് ഞാനും അവനെ നോക്കി. ദേഷ്യത്തിന്റെ പല വേര്‍സും ഞാന്‍ അവനില്‍ അപ്ലൈ ചെയ്തു, ചെക്കന് ഒരു കൂസലും ഇല്ല.
അവന് അവന്റെ പണി തുടര്‍ന്നു. അങ്ങനെ വൈറ്റില എത്തുന്ന വരെ ഇവനെ സഹിച്ചതിന്റെ ഹാങ് ഓവറിന്റെ ഭാഗമായി ഇവനോട് തന്നെ ഇവന്റെ അസുഖം ഒന്ന് ചോദിച്ച് മനസ്സിലാക്കാം എന്ന് വിചാരിച്ചു. വൈറ്റില എത്തി ബസ്സ് ഇറങ്ങിയപ്പോള തന്നെ ഞാന്‍ വളരെ സമാധാനത്തോടെ ചോദിച്ചു “മോനേ ഇത് എന്തൊരു നോട്ടമായിരുന്നു.? ഇത് സ്ഥിരം പരിപാടിയാണോ..?” ഇത്രേ ചോദിച്ചുള്ളു.. പക്ഷേ ഇത് കേട്ടപാടെ അവന്‍ എന്റെ നേരെ ചാടിക്കയറുകയായിരുന്നു.., “നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ” എന്നായിരുന്നു അവന്റെ റിപ്ലൈ! ഞാന്‍ ചോദിക്കും എന്ന് അവന് വിചാരിച്ചു കാണില്ല, പക്ഷേ എന്റെ നേരെ അടിക്കാന്‍ വരുന്നപോലത്തെ അവന്റെ ബിഹേവിയര്‍ കണ്ടപ്പോള്‍ എനിക്ക് പിന്നെ സഹിക്കാവുന്നതില്‍ അപ്പുറം ആയി..
വടകരയില്‍ നിന്നും, പത്തനംതിട്ട ഗവി കണ്ടിട്ട് തിരിച്ച് പോകുന്ന വഴി ആണത്രേ ചെക്കന്മാര്‍ ഉടനെ തന്നെ അവിടെ നിന്ന പൊലീസിനോട് കാര്യം പറഞ്ഞു, പക്ഷേ അപ്പോഴേയ്ക്കും അവന്‍ കടന്ന് കളഞ്ഞു. അവനെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാ പറ്റാഞ്ഞ ഫ്രസ്‌ട്രേഷനിലും വിഷമത്തിലും ദേഷ്യത്തിലും യൂബര്‍ ഓല ഒക്കെ ഉപയോഗിക്കേണ്ടത് പോലും ഞാന്‍ മറന്നുപോയി. ഞാന്‍ അമ്മയേയും കൂട്ടി ഒരു ഓട്ടോ വിളിച്ചു അതില്‍ കയറി. ഓട്ടോ കുറച്ച് മുന്നോട്ട് എടുത്തപ്പോള് ഓട്ടോയുടെ കണ്ണാടിയില്‍ ദേ ലവന്‍… അവന്‍ ഒരു ഓട്ടോയില്‍ കയറാന് പോകുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഞാന്‍ കയറിയ ഒട്ടോയിലെ ഡ്രൈവര്‍ ചേട്ടനും വൈറ്റില ഹബ്ബിലെ ഓട്ടോ ചേട്ടന്മാരും എല്ലാംകൂടി ഓട്ടോ നിര്‍ത്തിച്ച് അവനേയും കൂട്ടുകാരനേയും പിടിച്ച് പോലീസിന്റെ മുന്നില്‍ കൊണ്ട് വന്നു. ബാക്കിയൊക്കെ ഊഹിക്കാമല്ലോ അല്ലേ?
എറണാകുളത്തെ ഗവിയും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു.
ആദ്യമായാണ് നോട്ടം കൊണ്ട് ഞാന്‍ ഇത്ര ഇറിറ്റേഡായത്. ഇപ്പോള് മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം ഈ ഡിസോഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കില്‍ ഇപ്പോഴെ പറയുവാണ്. എല്ലാ പെണ്‍കുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു ലിമിറ്റ് കഴിഞ്ഞാല്‍ സഹിച്ചെന്നു വരില്ല. മൈന്‍ഡ് ഇറ്റ്.