| Thursday, 22nd June 2023, 3:51 pm

സി.എസ്.കെക്കെതിരെ സ്‌ട്രൈക്ക് റേറ്റ് മുന്നൂറോ 😳😳 അഞ്ച് സിക്‌സര്‍, 15 പന്തില്‍ 46 നോട്ട്ഔട്ട്; പലരും ഇവനെ കണ്ടുപഠിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി രത്‌നഗിരി ജെറ്റ്‌സ് സൂപ്പര്‍ താരം ദിവ്യാംഗ് ഹിങ്കാനേക്കര്‍. ഛത്രപതി സംഭാജി കിങ്‌സി(സി.എസ്.കെ)നെതിരെയാണ് ഹിങ്കാനേക്കര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

വെറും 15 പന്ത് നേരിട്ട് അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയുമുള്‍പ്പെടെ പുറത്താകാതെ 46 റണ്‍സാണ് ഹിങ്കാനേക്കര്‍ നേടിയത്. താരത്തിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ രത്‌നഗിരി ജെറ്റ്‌സ് 17 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സംഭാജി കിങ്‌സിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയ ധീരജ് പതംഗലെയുടെ വിക്കറ്റ് ജെറ്റ്‌സിന് തുടക്കത്തിലേ നഷ്ടമായിരുന്നു. വണ്‍ ഡൗണായെത്തിയ പ്രീതം പാട്ടില്‍ 12 പന്തില്‍ നിന്നും 14 റണ്‍സ് നേടി മടങ്ങിയപ്പോള്‍, കിരണ്‍ ചോര്‍മലെ ഒമ്പത് പന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് നേടി എസ്.എം. കാസിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് അസം കാസി ചെറുത്ത് നിന്നു. ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ച്വറി തികച്ചാണ് താരം മടങ്ങിയത്. 47 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 53 റണ്‍സാണ് താരം നേടിയത്.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ നിഖില്‍ നായിക്കും തകര്‍ത്തടിച്ചു. 25 പന്തില്‍ നിന്നും രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

നാലാമനായി നിഖില്‍ നായിക്കും പുറത്തായതിന് പിന്നാലെയാണ് ആറാം നമ്പറില്‍ ഹിങ്കാനേക്കര്‍ കളത്തിലിറങ്ങിയത്. കാറ്റിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ താരം റണ്ണടിച്ചുകൂട്ടുമ്പോള്‍ മറുവശത്ത് അസിം കാസിയും മികച്ച പിന്തുണ നല്‍കി.

ഒടുവില്‍ 306.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ സി.എസ്.കെ ബൗളര്‍മാരെ തച്ചുതകര്‍ത്തപ്പോള്‍ നിശ്ചിത ഓവറില്‍ ജെറ്റ്‌സ് സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സിലേക്കുയര്‍ന്നു.

സി.എസ്.കെക്കായി രാമേശ്വര്‍ ദൗദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആനന്ദ് തെങ്കേ, എസ്.എം. കാസി, ഹിതേഷ് വാലുഞ്ജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രത്‌നഗിരി ജെറ്റ്‌സിനെ പോലെ തന്നെ ഛത്രപതി സംഭാജി കിങ്‌സിനും മോശം തുടക്കമായിരുന്നു ലഭിച്ചത്. സൗരഭ് നവാലെ ഒറ്റ റണ്‍സിന് പുറത്തായപ്പോള്‍ മുര്‍താസ ട്രങ്ക്‌വാല 13 റണ്‍സും നേടി പുറത്തായി.

വണ്‍ ഡൗണായി ഇറങ്ങിയ ഓംകാര്‍ ഖാപ്‌തെ ചെറുത്തുനിന്നു. 48 പന്തില്‍ നിന്നും നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 60 റണ്‍സ് നേടി. ഖാപ്‌തെക്ക് പിന്തുണ നല്‍കന്‍ ഒരാള്‍ക്കും സാധിക്കാതെ വന്നതോടെ സി.എസ്.കെ ഇന്നിങ്‌സ് വീണു.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് സി.എസ്‌.കെ നേടിയത്.

ജെറ്റ്‌സിനായി പ്രദീപ് ധാതെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിജയ് പവാലെ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇവര്‍ക്ക് പുറമെ ദിവ്യാംഗ് ഹിങ്കാനേക്കര്‍, കുണാല്‍ തൊരാത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ജെറ്റ്‌സിനായി. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് രത്‌നിഗിരിക്കുള്ളത്.

കളിച്ച മൂന്ന് കളിയും പരാജയപ്പെട്ട ഛത്രപതി സംഭാജി കിങ്‌സ് അഞ്ചാം സ്ഥാനത്താണ്.

ജൂണ്‍ 24നാണ് ജെറ്റ്‌സിന്റെ അടുത്ത മത്സരം. പൂണേരി ബപ്പായാണ് എതിരാളികള്‍.

Content Highlight: Divyang Hinganekar’s brilliant batting performance in MPL

We use cookies to give you the best possible experience. Learn more