| Friday, 29th November 2024, 7:59 am

അഭിനയത്തോടൊപ്പം പഠിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് ശ്രീനിയേട്ടനും ആ സൂപ്പര്‍സ്റ്റാറും: ദിവ്യ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു ദിവ്യ ഉണ്ണി. ഒരു മികച്ച നര്‍ത്തകി കൂടിയായ ദിവ്യ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് രണ്ട് വ്യക്തികളാണെന്ന് പറയുകയാണ് ദിവ്യ ഉണ്ണി. ഒന്ന് മമ്മൂട്ടിയും മറ്റൊന്ന് ശ്രീനിവാസനും ആയിരുന്നെന്നാണ് നടി പറയുന്നത്. മമ്മൂട്ടി തന്റെ പഠനത്തെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

ഡിസ്റ്റന്‍സ് എഡ്യൂക്കേഷന് പകരം കോളേജില്‍ പോയി തന്നെയായിരുന്നു താന്‍ പഠിച്ചതെന്നും അങ്ങനെ ഡിഗ്രി വരെ പഠിക്കാനും കോളേജ് ലൈഫ് എന്‍ജോയ് ചെയ്യാനും പറ്റിയെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് രണ്ട് വ്യക്തികളാണ്. ഒന്ന് മമ്മൂക്കയായിരുന്നു. മമ്മൂക്ക എന്റെ മാതാപിതാക്കളോട് തന്നെയായിരുന്നു സംസാരിച്ചത്. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ആയിരുന്നില്ല ഞാന്‍ ചെയ്തത്.

കോളേജില്‍ പോയി തന്നെയായിരുന്നു പഠനം. മമ്മൂക്ക അന്ന് പറഞ്ഞത് ‘പഠിക്കുന്നത് തുടര്‍ന്നാല്‍ നല്ലതാണ്. അതിന്റെ സമയത്ത് തന്നെ നല്ലതാകും’ എന്നായിരുന്നു. ശ്രീനിയേട്ടനും അത് തന്നെയായിരുന്നു പറഞ്ഞത്.

‘ലൊക്കേഷനിലൊക്കെ ഡയലോഗ് പഠിക്കുന്നത് പോലെ ടെക്‌സ്റ്റ് ബുക്ക് എടുത്ത് വായിച്ച് പഠിച്ചാല്‍ മതി. അപ്പോള്‍ ഡയലോഗ് പഠിക്കുന്നത് പോലെ അതും നടന്നോളും. എന്നിട്ട് പരീക്ഷ എഴുതി വന്നോളൂ’ എന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. വളരെ സിമ്പിളായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്. അങ്ങനെ ഡിഗ്രി വരെ ഞാന്‍ പഠിച്ചു. കോളേജ് ലൈഫ് എന്‍ജോയ് ചെയ്യാനും പറ്റി,’ ദിവ്യ ഉണ്ണി പറഞ്ഞു.


Content Highlight: Divya Unni Talks About Sreenivasan And Mammootty

We use cookies to give you the best possible experience. Learn more