|

സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്, തിരിച്ചുവരവ് സമയമാകുമ്പോള്‍ നടക്കട്ടെ: ദിവ്യ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്കുള്ള തിരിച്ചുവരവ് സമയമാകുമ്പോള്‍ നടക്കട്ടേയെന്ന് നടി ദിവ്യ ഉണ്ണി. സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട് എന്നും തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിട്ടില്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞു. ഒരു നൃത്തപരിപാടിക്കായി കൊച്ചിയിലെത്തിയതായിരുന്നു താരം.

‘ആകാശ ഗംഗയുടെ രണ്ടാംഭാഗത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആദ്യ സിനിമയുടെ ക്ലിപ്പുകള്‍ ഉപയോഗിക്കുകയാണ് ചെയ്തത്. സക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. ഇല്ല എന്ന് പറയുന്നില്ല. സമയമാകുമ്പോള്‍ നടക്കട്ടെ എന്ന് വിചാരിച്ച് ഇരിക്കുകയാണ്. തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിട്ടൊന്നുമില്ല. അങ്ങനെയുള്ള തീരുമാനങ്ങളൊന്നുമില്ല. ഒരുപാട് കാര്യങ്ങള്‍ ലൈനപ്പായി വരേണ്ടതുണ്ട്, ഞാന്‍ അവിടെ നിന്നും എത്തണമെങ്കില്‍.

യു.എസിലാണ് എന്നത് സിനിമയിലേക്ക് തിരിച്ചുവരാതിരിക്കാനുള്ള കാരണമല്ല. ലോകം ചെറുതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എല്ലാം പ്ലാന്‍ ചെയ്ത് ചെയ്യാവുന്നതേയുള്ളൂ. അന്നും അത് സാധ്യമായിരുന്നു. പക്ഷെ അങ്ങനെയൊരു ഗ്യാപ്പ് വന്നത്, കുട്ടികളുടെയും ഡാന്‍സ് സ്‌കൂളിന്റെയും ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു എന്നത് കൊണ്ടാണ്.

അത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരുന്നു. അപ്പോഴും ഇടക്കിടക്ക് സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാറുണ്ടായിരുന്നു. പക്ഷെ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കൊണ്ട് മാറിപ്പോകുകയായിരുന്നു’ ദിവ്യ ഉണ്ണി പറഞ്ഞു.

മക്കളെ കുറിച്ചും ദിവ്യ ഉണ്ണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തനിക്ക് മൂന്ന് മക്കളാണെന്നും രണ്ടാമത്തെ മകള്‍ ഡാന്‍സ് പഠിക്കുന്നുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു. ‘എനിക്ക് മൂന്ന് മക്കളാണ്, മുതിര്‍ന്നയാള്‍ ആണ്‍കുട്ടിയാണ്. രണ്ടാമത്തെ മകള്‍ ഡാന്‍സ് ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്. ചെറിയ പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്’ ദിവ്യ ഉണ്ണി പറഞ്ഞു.

content highlights: Divya Unni talks about her comeback