| Saturday, 28th December 2024, 11:39 am

എന്റെ ആ കഥാപാത്രങ്ങളോട് ഇപ്പോഴാണെങ്കില്‍ ഞാന്‍ 'ഒന്ന് പോ പെണ്ണെ' എന്ന് പറഞ്ഞേനെ: ദിവ്യ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. ഒരു മികച്ച നര്‍ത്തകി കൂടിയായ ദിവ്യ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.

ദിവ്യ ഉണ്ണിയുടെ സിനിമ കരിയറിലെ കഥാപാത്രങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദിവ്യ ഉണ്ണി. തന്റെ എല്ലാ കഥാപാത്രങ്ങളും ഇപ്പോള്‍ കാണുമ്പോള്‍ ഒന്ന് പോ പെണ്ണെ എന്നാണ് പറയാന്‍ തോന്നുകയെന്ന് ദിവ്യ ഉണ്ണി പറയുന്നു.

തനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളും ഡയലോഗുകളും ആയിരുന്നു അതില്‍ പലതെന്നും നടി വ്യക്തമാക്കി. തനിക്ക് പ്രായമാകുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അന്നത്തെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ താന്‍ ഒരുപാട് വളര്‍ന്നിട്ടുണ്ടെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.

‘എന്റെ എല്ലാ കഥാപാത്രങ്ങളോടും ഉള്ള എന്റെ സ്ഥിരം ഡയലോഗ് ആണ് ‘ഒന്ന് പോ പെണ്ണെ, പറയാനും കേക്കാനും കൊള്ളാം’ എന്ന്. ആ ഡയലോഗാണ് എന്റെ മനസിലൂടെ എപ്പോഴും പോകുക. എനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിയാത്ത കുറേ കഥാപാത്രങ്ങള്‍ ഉണ്ട്.

എനിക്ക് പ്രായമാകുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ വളരുന്നുണ്ടെന്ന് അത് കാണുമ്പോള്‍ മനസിലാകും. കാരണം അന്നത്തെ എന്റെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ഥിരമായി കാണുന്ന, എല്ലാം സഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങളായിരുന്നു,’ ദിവ്യ ഉണ്ണി പറയുന്നു.

Content Highlight: Divya Unni Talks About Her Characters

We use cookies to give you the best possible experience. Learn more