| Wednesday, 4th January 2023, 8:30 am

അഭിനയമല്ല ഞാനിപ്പോള്‍ മിസ് ചെയ്യുന്നത്, മറ്റ് ചില കാര്യങ്ങളാണ്: ദിവ്യ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയജീവിതത്തില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന നടിയാണ് ദിവ്യ ഉണ്ണി. ഈ കാലത്തിനിടയില്‍ തനിക്ക് അഭിനയജീവിതം മിസ് ചെയ്തിട്ടില്ലെന്ന് പറയുകയാണ് താരം. ഇറങ്ങുന്ന എല്ലാ സിനിമകളും താന്‍ കാണാറുണ്ടെന്നും അതുകൊണ്ടാണ് അങ്ങനെ മിസ് ചെയ്യുന്നതായി തോന്നാത്തതെന്നും താരം പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആക്ടിങ് യൂണിവേഴ്‌സിറ്റികളാണെന്നും ജീവിതത്തിലെ തന്നെ പലകാര്യങ്ങളും പഠിച്ചതും അവരില്‍ നിന്നുമാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. അവര്‍ ഓരോ കഥാപാത്രങ്ങളും വളരെ അനായാസമായിട്ടാണ് ചെയ്യുന്നതെന്നും കരച്ചിലും ചിരിയുമൊക്കെ വളരെ ഈസിയായിട്ടാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. ജമേഷ് ഷോയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇറങ്ങുന്ന സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ആക്ടിങ് മിസ്സ് ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ലെങ്കിലും സ്‌ക്രിപ്‌റ്റൊക്കെ വായിക്കാറുണ്ട്. ഡാന്‍സ് സ്‌കൂളിന്റെ കാര്യങ്ങളിലൊക്കെയായി ഞാന്‍ നല്ല തിരക്കിലാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ പരിപാടിക്ക് ലൈവ് ഓര്‍ക്കസ്ട്രയാണ്. ഇവിടെ അങ്ങനെയല്ല. അതുകൊണ്ട് ഞാന്‍ അത് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് ലൈവ് ഓര്‍ക്കസ്ട്ര ടീം നാട്ടില്‍ നിന്നും വരാറുണ്ട്.

അഭിനയത്തെ കുറിച്ച് പറയുമ്പോള്‍, ആക്ടിങ് യൂണിവേഴ്‌സിറ്റികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരൊക്കെ അനായാസമായാണ് ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത്. അവരെക്കണ്ടാണ് ഞാനൊക്കെ പലതും പഠിച്ചിട്ടുള്ളത്. കരച്ചിലും ചിരിയുമൊക്കെ എത്ര ഈസിയായിട്ടാണ് അവര്‍ ചെയ്യുന്നത്. ഒരു ദിവസം ഞാന്‍ പ്ലാന്‍ ചെയത്തിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അയ്യോ എന്നൊക്കെ പറഞ്ഞ് ടെന്‍ഷനാവുന്ന ആളാണ് ഞാന്‍ . അപ്പോള്‍ ഞാന്‍ അവരെ കുറിച്ചൊക്കെ ഓര്‍ക്കാറുണ്ട്. എത്രയൊക്കെ തിരക്കുകളും കാര്യങ്ങളുമൊക്കെ മാറ്റിവെച്ചാണ് അവര്‍ അഭിനയിക്കുന്നത്,’ ദിവ്യ ഉണ്ണി പറഞ്ഞു.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തില്‍ തിളങ്ങിയ താരമായിരുന്നു ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹശേഷം പങ്കളിക്കൊപ്പം അമേരിക്കയിലേക്ക് പോയതോടെ അഭിനയം അവസാനിപ്പിച്ചു. മൂന്നാം വയസ് മുതല്‍ കൂടെക്കൂട്ടിയ നൃത്തം ഇപ്പോഴും ദിവ്യക്കൊപ്പമുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോള്‍.

content highlight: divya unni talks about her career

Latest Stories

We use cookies to give you the best possible experience. Learn more