മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. ഒരു മികച്ച നര്‍ത്തകി കൂടിയായ ദിവ്യ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.
ദിവ്യ ഉണ്ണിയേയും മനോജ് കെ. ജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചുരം. 1997ല്‍ പുറത്തിറങ്ങിയ ചുരം ഭരതന്റെ അവസാന ചിത്രമായിരുന്നു. ചുരത്തിനെ കുറിച്ച് സംസാരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ചുരം എന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണെന്നും ഭരതന്‍ എന്ന അതുല്യ പ്രതിഭയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
ഓഡിഷന്‍ ഇല്ലാതെയാണ് തന്നെ ഭരതന്‍ ചുരത്തിലേക്ക് കാസ്റ്റ് ചെയ്തതെന്നും മായമ്മ എന്ന കഥാപാത്രത്തിന് തന്റെ മുഖമാണ് ഭരതന് തെളിഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഫ്രെയിമുകളില്‍ താനും മനോജ് കെ. ജയനും ഉണ്ടായിരുന്നു എന്നും ദിവ്യ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.
‘ചുരം എന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ദൈവാനുഗ്രഹമാണ്. ഭരതന്‍ സാര്‍ എന്ന ഒരു അതുല്യ പ്രതിഭയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. ഒരു ഓഡിഷന്‍ പോലുമില്ലാതെയാണ് അദ്ദേഹം എന്നെ ആ ചിത്രത്തിലേക്ക് വിളിച്ചത്.
ഭരതന്‍ സാറിനെ പോലെ ഒരാളിന് മായമ്മ എന്ന കഥാപാത്രത്തിന് എന്റെ മുഖം തെളിഞ്ഞു എന്നതുതന്നെയാണ് എനിക്ക് അതിലെ വലിയ ഹൈലൈറ്റ് ആയി തോന്നിയത്. പിന്നെ ആദ്യം മുതല്‍ അവസാനം വരെ എല്ലാ ഫ്രെയിമിലും ഞാനും മനോജേട്ടന്റെ കഥാപാത്രവുമായിരുന്നു ഉണ്ടായിരുന്നത്,’ ദിവ്യ ഉണ്ണി പറയുന്നു.