ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ദിവ്യ ഉണ്ണി. വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായും താരം തിളങ്ങി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച ദിവ്യ ഉണ്ണി വിവാഹശേഷം നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ദിവ്യ ഉണ്ണിയെപ്പറ്റി സംസാരിക്കുമ്പോള്‍ പലരും എടുത്തുപറയുന്ന വിവാദമാണ് കലാഭവന്‍ മണിയുടെ നായികയാകില്ല എന്ന കാര്യം. സിനിമയില്‍ നിന്ന് വിട്ടുനിന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും പലരും ദിവ്യ ഉണ്ണിക്കെതിരെ ഈയൊരു കാര്യത്തെച്ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്.
ഈ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് താന്‍ പണ്ട് ഒരു അഭിമുഖത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും ഇനി അതിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമില്ലെന്നും പറയുകയാണ് ദിവ്യ ഉണ്ണി. ആദ്യമായും അവസാനമായും ആ വിഷയത്തിനെപ്പറ്റി സംസാരിച്ചത് ആ അഭിമുഖത്തിലാണെന്നും ഇനി അത് പറയാന്‍ തനിക്ക് കഴിയില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
സത്യാവസ്ഥ എന്താണെന്ന് തനിക്കും കലാഭവന്‍ മണിക്കും അറിയാമെന്നും അദ്ദേഹം മരിച്ചതിന് ശേഷം വീണ്ടും അതിനെപ്പറ്റി സംസാരിക്കുന്നത് തന്റെ ഭാഗം ന്യായീകരിക്കുന്നതിന് തുല്യമാണെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അതിനെപ്പറ്റി സംസാരിച്ചുകൊണ്ടേ ഇരിക്കുമെന്നും താന്‍ അതിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
തന്നെ കുറ്റപ്പെടുത്തുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ആ വിഷയത്തെ കാണാത്ത രീതിയില്‍ പോയാല്‍ ആരും പിന്നെ അതിനെപ്പറ്റി സംസാരിക്കില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ആ വിഷയത്തിനെ താന്‍ പട്ടിണിക്കിടുകയാണെന്നും അതിന് ഭക്ഷണം കൊടുക്കാതെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ദിവ്യ പറഞ്ഞു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.
‘ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് പണ്ട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുള്ളതാണ്. എന്താണ് അന്ന് സംഭവിച്ചതെന്നും അത് കഴിഞ്ഞുണ്ടായ സംഭവങ്ങളെപ്പറ്റിയും സംസാരിച്ചിരുന്നു. ആദ്യമായും അവസാനമായും എനിക്ക് പറയാനുള്ളത് അന്ന് പറഞ്ഞു. ഇനി അതിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമില്ല.
കാരണം, മണിച്ചേട്ടന്‍ ഇപ്പോള്‍ ഈ ലോകത്തില്ല. അതുകൊണ്ട് ഞാന്‍ ആ വിഷയത്തെപ്പറ്റി എന്ത് സംസാരിച്ചാലും അത് എന്റെ ഭാഗം ന്യായീകരിക്കുന്നതുപോലെയാകും.ആ വിഷയത്തിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹമുള്ളവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. എന്നെ കുറ്റപ്പെടുത്തുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല.
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ അത് വളരുകയുള്ളൂ. ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കില്‍ ആരും അധികം സംസാരിക്കാതെ അത് ഇല്ലാതായിക്കോളും. ആ വിഷയത്തിനെ പട്ടിണിക്കിടുകയാണ്. നമ്മുടെ മറുപടിയാണ് അതിന്റെ ഭക്ഷണം. അത് ഇല്ലാതാക്കിയാല്‍ വേറെ പ്രശ്‌നമുണ്ടാകില്ലല്ലോ,’ ദിവ്യ ഉണ്ണി പറയുന്നു.
Content Highlight: Divya Unni shares her opinion on the controversy about Kalabhavan Mani