തൊണ്ണൂറുകളിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും പ്രേക്ഷകർ ഇപ്പോഴും ദിവ്യയെ ഇഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിൽ താമസമാക്കിയതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
അമേരിക്കയിൽ താമസിക്കുകയാണെങ്കിലും താൻ ഇഷ്ടപ്പെടുന്നത് ഇന്ത്യൻ വസ്ത്രങ്ങളെയാണെന്ന് ദിവ്യ പറഞ്ഞു. താൻ ബോധപൂർവം സിനിമയിൽ നിന്ന് മാറി നിൽക്കുന്നതല്ലെന്നും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കുമെന്നും താരം പറഞ്ഞു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ.
‘ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഞാൻ എന്നെ തന്നെ അനുവദിച്ചിട്ടില്ല. ഡ്രസിങ് സ്റ്റൈൽ പോലും മാറാൻ എനിക്ക് താല്പര്യമില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം. നാട്ടിലെ ഭക്ഷണങ്ങളൊക്കെ ഞാൻ ഒരുപാട് മിസ് ചെയ്യാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ട് നാടുമായിട്ട് എനിക്കെപ്പോഴും ഒരു കണക്ഷൻ ഉണ്ടാകാറുണ്ട്. ഡാൻസ് സ്കൂളിൽ ചുരിദാർ നിർബന്ധമാണ്, അത് ഞാനായിട്ട് കൊണ്ടുവന്ന നിയമമാണ്. അപ്പോൾ ഞാൻ നിയമങ്ങൾ തെറ്റിക്കാൻ പാടില്ലല്ലോ. അതുകൊണ്ട് കൂടുതലും ഇന്ത്യൻ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്,’ ദിവ്യ ഉണ്ണി പറഞ്ഞു.
അഭിമുഖത്തിൽ സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയും ദിവ്യ സംസാരിച്ചു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യുമെന്നും താൻ ബോധപൂർവ്വമല്ല സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും താരം പറഞ്ഞു.
‘വർഷങ്ങൾക്കിപ്പുറവും ഞാൻ ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. ഇനിയും അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഞാൻ ബോധപൂർവ്വമല്ല സിനിമയിൽ നിന്ന് മാറി നിൽക്കുന്നത്. ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ വേണം തിരിച്ച് വരവ് എന്ന് ആഗ്രഹമുണ്ട്. മനസിൽ ഉറക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യും. ഇപ്പോഴും സ്ക്രിപ്റ്റുകൾ കേൾക്കാറുണ്ട്. നൃത്തത്തെ ആധാരമാക്കിയുള്ള ചിത്രം ചെയ്യാൻ വളരെ ആഗ്രഹമുണ്ട്,’ ദിവ്യ ഉണ്ണി പറഞ്ഞു.
Content Highlights: Divya Unni on Dressing