തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ദിവ്യ ഉണ്ണി. തന്റെ ആദ്യ സിനിമയായ ‘കല്യാണ സൗഗന്ധിക’ത്തില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസിലായിരുന്നു പഠിച്ചിരുന്നതെന്നും താനൊരു പുതുമുഖമായിരുന്നിട്ടും തന്നെ നല്ല രീതിയില്‍ അതിലെ ആര്‍ട്ടിസ്റ്റുകളെല്ലാം പരിഗണിച്ചിരുന്നുവെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറഞ്ഞു.
‘ ‘കല്യാണ സൗഗന്ധിക’ത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആ സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. യൂണിറ്റ് ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അമ്മയൊരു സ്‌കൂള്‍ ടീച്ചര്‍ ആയതുകൊണ്ടു തന്നെ പഠനത്തില്‍ എനിക്ക് നല്ല പ്രഷറുണ്ടായിരുന്നു. ഞാന്‍ രാവിലെ പോയി പരീക്ഷയൊക്കെ എഴുതി നേരെ ഷൂട്ടിങ്ങിന് പോകും. എല്ലാ ദിവസവും ഇത് തന്നെയായിരുന്നു സ്ഥിതി.
കലാഭവന്‍ മണിച്ചേട്ടന്‍ വളരെ എന്റര്‍ടെയിനിങ് ആയിരുന്നു സെറ്റില്‍. ഒരുപാട് നല്ല ഓര്‍മകള്‍ തന്ന സിനിമയായിരുന്നു അത്. ജഗതിച്ചേട്ടന്‍, ഇന്ദ്രന്‍സേട്ടന്‍, ലളിതചേച്ചി, ജഗദീഷേട്ടന്‍ അങ്ങനെ ഒരുപാട് പേരുണ്ടായിരുന്നു. ഒരു തുടക്കക്കാരിയാണ് ഞാനെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നില്ല.
ഓരോ സീന്‍ എടുക്കുമ്പോഴും എന്നെ അവരൊക്കെ സഹായിച്ചിരുന്നു. കുറേ ഡയലോഗുകളുള്ള സീനുകളും കരയുന്ന സീനുകളുമൊക്കെ എടുക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടിയിരുന്നു.
ജഗതി അങ്കിളൊക്കെ നമ്മളെ നല്ലോണം നിരീക്ഷിക്കുകയും നമ്മുടെ തെറ്റുകള്‍ നമ്മളറിയാതെ തന്നെ തിരുത്തുകയും ചെയ്യുമായിരുന്നു. ഞാന്‍ വളരെ ലക്കിയായിരുന്നു ഇത്രയും വലിയ കലാകാരന്മാരോടൊത്ത് ആദ്യത്തെ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍.
ആകാശഗംഗയില്‍ തീ കത്തുന്ന സീനുകളെടുക്കുമ്പോള്‍ എല്ലാവരും ഭയപ്പെട്ടിരുന്നുവെന്നും ഒരു സേഫ്റ്റി മെഷറുകളുമില്ലാതെയാണ് ആ സീനുകളില്‍ അഭിനയിച്ചതെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
‘ഫ്രണ്ട്‌സ് സിനിമയിലും നല്ലൊരു ടീമിനൊത്ത് തന്നെയായിരുന്നു വര്‍ക്ക് ചെയ്തത്. സിദ്ദിഖ് സര്‍ ഷൂട്ടിങ് സെറ്റില്‍ വളരെ കൂളാണ്. ‘ആകാശഗംഗ’യില്‍ പ്രേതസീനുകളൊക്കെയെടുക്കുമ്പോള്‍ രാജന്‍ അങ്കിള്‍ (രാജന്‍.പി.ദേവ്) എന്നോട് പറയുമായിരുന്നു അധികം ടെന്‍ഷനൊന്നുമില്ലാതെ ചെയ്താല്‍ മതിയെന്ന്.
തീ കത്തുന്ന സീനുകളെടുക്കുമ്പോള്‍ സെറ്റിലുളളയാളുകളൊക്കെ എന്നെയോര്‍ത്ത് വളരെ പേടിച്ചിരുന്നു. കാരണം, വേറെ പ്രത്യേകിച്ച് പ്രൊട്ടക്ഷനൊന്നുമില്ലാതെയാണ് അതൊക്കെ ഷൂട്ട് ചെയ്തത്.
മറവത്തൂര്‍ കനവ് ചെയ്ത സമയത്ത് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഷൂട്ടിന്റെയിടയില്‍ അമ്മയെന്നെ വിളിച്ച് പറയുമായിരുന്നു പഠിക്കണമെന്നൊക്കെ, ‘ ദിവ്യ ഉണ്ണി പറഞ്ഞു.