തൊണ്ണൂറുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു ദിവ്യ ഉണ്ണി. ഒരു മികച്ച നര്‍ത്തകി കൂടിയായ ദിവ്യ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.
ചുരുങ്ങിയകാലം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികയായി അഭിനയിച്ച ദിവ്യ ഉണ്ണി മോഹൻലാൽ നായകനായ വർണ്ണപ്പകിട്ട് എന്ന സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.
ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ നല്ല ടെൻഷനായിരുന്നുവെന്നും ഒരുപാട് ക്രൗഡായിട്ടുള്ള സീനുകൾ സിനിമയിൽ ഉണ്ടായിരുന്നുവെന്നും ദിവ്യ പറയുന്നു. ചിത്രത്തിന്റെ സിംഗപ്പുർ ഭാഗത്തിന്റെ സ്റ്റില്ലുകൾ താൻ ആദ്യമേ കണ്ടിട്ടുള്ളതിനാൽ ചിത്രത്തിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞതാണെന്ന് കരുതിയിരുന്നുവെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
‘കടലോളം വിഷമം മനസിൽ ഒളിപ്പിച്ചുവെച്ച് കണ്ണടയും ഗ്ലിസറിനുമെല്ലാം വെച്ച് അഭിനയിക്കുമ്പോൾ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന തോന്നൽ ഉണ്ടായിരുന്നു. പിന്നെ ശശി സാർ വളരെ സ്ട്രിക്റ്റ് ആയിരുന്നു. സാർ ദേഷ്യപ്പെടുമോ എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ലാലേട്ടനെയും ഞാൻ അന്നാണ് ആദ്യം കാണുന്നത്. അതുവരെ സിനിമകളിലാണ് കണ്ടിട്ടുള്ളത്.
അതുകൊണ്ട് ഒരു സീനിൽ ഞാനായിട്ട് റീടേക്ക് വന്നാൽ ശരിയാവില്ലല്ലോ എന്നാണ് ഞാൻ കരുതിയത്. അതുപോലെ ഓരോ ഷോട്ടിനും ഹെവി ക്രൗഡായിരുന്നു. ശ്മാശാനത്തിലെ സീൻ, പള്ളിയിൽ പാട്ടുപാടുന്ന സീൻ, എല്ലാത്തിലും നിറച്ചാളുകളാണ്. അതും വലിയ അഭിനേതാക്കൾ. മധു സാറൊക്കെ ഉണ്ടല്ലോ. നമ്മൾ കാരണം ഒരു റീടേക്ക് വന്നാൽ ആത്മവിശ്വാസമൊക്കെ പോവില്ലേ. അതിന്റെ വിറയൽ ഉണ്ടായിരുന്നു എനിക്ക്.
അതുപോലെ ആ സിനിമയുടെ പ്രൊമോഷനൊക്കെ ഞാൻ മുമ്പ് തന്നെ കണ്ടിട്ടുണ്ട്. മീനാജീയും ലാലേട്ടനും കൂടെയുള്ള കുറെ സിംഗപ്പൂർ ഷൂട്ടിന്റെ സ്റ്റില്ലുകളെല്ലാം കവർ ഫോട്ടോയായി വന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. അതൊരു വേറെ ഷെഡ്യൂൾ ആയിരുന്നു. അന്ന് ഞാൻ കരുതിയത് ഇത് ഓൾറെഡി ഷൂട്ട് ചെയ്ത പടമല്ലേ ഞാൻ എന്തിനാണ് അഭിനയിക്കുന്നത് എന്നായിരുന്നു.
അമ്മയും അച്ഛനുമൊക്കെ അങ്ങനെ തന്നെ വിചാരിച്ചു. അപ്പോഴാണ് ശശി സാർ വീട്ടിലേക്ക് വന്നിട്ട് പറയുന്നത്, നിങ്ങൾ കരുതുന്ന പോലെയല്ല കുട്ടിക്ക് ഒരു വലിയ പാട്ടൊക്കെ ഉണ്ടെന്ന്. അദ്ദേഹത്തെ പോലൊരു വലിയ ഡയറക്ടർ വന്ന് പറയുമ്പോൾ വേറെ ഒന്നും ആലോചിക്കാൻ ഇല്ലല്ലോ,’ദിവ്യ ഉണ്ണി പറയുന്നു.
Content Highlight: Divya Unni About Her Character In Varnapakit Movie