| Sunday, 12th May 2019, 10:03 am

അങ്കിള്‍ ജീ, നിങ്ങള്‍ ഇപ്പോഴും മറ്റേതോ കാലഘട്ടത്തില്‍ ജീവിക്കുന്നതിന്റെ കുഴപ്പമാണ്; 'റഡാര്‍' തിയറിയില്‍ മോദിയെ ട്രോളി ദിവ്യ സ്പന്ദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ ‘റഡാര്‍’ തിയറി ഉപയോഗിച്ചാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ രൂക്ഷമായി പരിസഹിച്ച് കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ അധ്യക്ഷയുമായ ദിവ്യസ്പന്ദന.

മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നുമായിരുന്നു
മോദിയെ അങ്കിള്‍ എന്ന് വിളിച്ചു പരിഹസിച്ചുകൊണ്ട് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.


മോദീ, താങ്കളുടെ അറിവിലേക്കായി.. മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ട്. ചാരപ്രവര്‍ത്തനത്തിന് അടക്കം.. അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെ.. നിങ്ങള്‍ ഇപ്പോഴും കഴിഞ്ഞ കാലഘട്ടത്തില്‍ ജീവിക്കുന്നതിന്റെ കുഴപ്പമാണ്… ഇനിയെങ്കിലും അത് മനസിലാക്കൂ.. അങ്കിള്‍ ജീ.. ”- ദിവ്യ കുറിച്ചു.

”2014 മുതല്‍ നമുക്കും അത്ഭുതകരമായതും നൂതനുമായ ഒരു ‘റഡാര്‍’ ഉണ്ട്. മണ്ടത്തരങ്ങള്‍, നുണകള്‍, അഴിമതി, കള്ളപ്പണം എന്നിവ കണ്ടുപിടിക്കാനാണ് അത് നമ്മളെ സഹായിക്കുന്നത്. അല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എല്ലാം ഞങ്ങള്‍ എങ്ങനെ കണ്ടുപിടിച്ചുവെന്നാണ് കരുതിയത്? – എന്നായിരുന്നു ദിവ്യസ്പന്ദന മറ്റൊരു ട്വീറ്റില്‍ പരിഹസിച്ചത്.

മോശം കാലാവസ്ഥയായതിനാല്‍ ബാലാകോട്ട് ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്നും എന്നാല്‍ താനാണ് അവരെ അതിന് നിര്‍ബന്ധിച്ചതെന്നും പറഞ്ഞാണ് മോദി ചാനല്‍ അഭിമുഖത്തില്‍ സംസാരം തുടങ്ങിയത്.

” നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.

ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു. ഇതോടെ ബി.ജെ.പി പോസ്റ്റ് മുക്കി.

ആധുനിക റഡാര്‍ റിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാനടക്കം പ്രതികരിച്ചിരുന്നു. മാത്രമല്ല അത്തരമൊരു കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more