| Saturday, 6th October 2018, 1:58 pm

എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്, അത് നിറവേറ്റും; നിലപാട് വ്യക്തമാക്കി ദിവ്യ സ്പന്ദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും പാര്‍ട്ടിയിലെ ആരുമായും ഒരു പ്രശ്‌നവും നിലവില്‍ ഇല്ലെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ദിവ്യ സ്പന്ദന പറഞ്ഞു. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു ദിവ്യ.

“” ഇതെല്ലാം ഗോസിപ്പ് വാര്‍ത്തകളാണ്. ആളുകള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതിപ്പിടിപ്പിക്കാനും അത് വായിച്ചു രസിക്കാനും വലിയ താത്പര്യമാണെന്ന് തോന്നുന്നു. ഇതൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് സമയമില്ല. ഞാന്‍ എന്റെ തിരക്കുമായി മുന്നോട്ടുപോകുകയാണ്. എന്നെ പാര്‍ട്ടിയേല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്. അത് പൂര്‍ണമായും നിറവേറ്റും. – ദിവ്യ സ്പന്ദന പറഞ്ഞു.


ശബരിമല വിധി നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കണം; ബി.ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി


ദിവ്യ സ്പന്ദന ദല്‍ഹിയിലില്ലെന്നും പാര്‍ട്ടി മീറ്റിങ്ങുകളില്‍ അവര്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു ഉയര്‍ന്ന വിവാദം. ഇതിനിടെ ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതും വിവാദമായിരുന്നു.

താന്‍ ദല്‍ഹിയില്‍ തന്നെയുണ്ടെന്നും എന്തിന്റെ പേരിലാണ് ദല്‍ഹിയില്‍ നിന്നും താന്‍ പോകുന്നതെന്നും ദിവ്യ ചോദിക്കുന്നു.

ദിവ്യ സ്പന്ദനയുടെ ജോലികളില്‍ ജയ്‌റാം രമേശ് ഇടപെടുന്നെന്ന ആരോപണവും അവര്‍ തള്ളി. ജയറാം രമേശ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കാമ്പയിയിന്റെ തലവനാണ്. അദ്ദേഹവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്തോഷം മാത്രമേയുള്ളൂ.

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇടപെടല്‍ ബി.ജെ.പിയെ പോലെയല്ല. ഒരുപാട് പേരുടെ ശബ്ദമാണ് ഞങ്ങളിലൂടെ വരുന്നത്. ബി.ജെ.പിയില്‍ ഒരൊറ്റ ശബ്ദം മാത്രമേയുള്ളൂ. കോണ്‍ഗ്രസില്‍ താഴെ തട്ടുമുതലുള്ളവരുടെ അഭിപ്രായങ്ങള്‍ ക്രോഡികരിച്ചാണ് സോഷ്യല്‍മീഡിയ വഴി കാര്യങ്ങള്‍ ചെയ്യുന്നത്. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ച് തന്നെ മുന്നോട്ട് പോകും- ദിവ്യ സ്പന്ദന പറഞ്ഞു.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം ദിവ്യ രാജിവെച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത് നിഷേധിച്ച് ദിവ്യ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നുമായിരുന്നു ദിവ്യ പറഞ്ഞു.

ട്വിറ്റര്‍ ബഗ് മൂലം സംഭവിച്ച ചില തകരാറ് മാത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉണ്ടായതെന്നും ദിവ്യ പറഞ്ഞു. ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ വിവരങ്ങള്‍ കാണാതാവുകയും സെപ്തംബര്‍ 29 ന് ശേഷം പുതിയ ട്വീറ്റുകളൊന്നും വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദിവ്യ രാജിവെക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്ത വന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്.

എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more