ബെംഗളൂരു: മുന്‍ എ.ഐ.സി.സി മാധ്യമ വിഭാഗം അദ്ധ്യക്ഷയും നടിയുമായ ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദിവ്യ സ്പന്ദനയുടെ പിറന്നാള്‍ ദിനമായ ഇന്നലെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദമോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വിമര്‍ശനങ്ങളുമായി മുന്‍പന്തിയിലുണ്ടായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്. സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്.
മുന്‍മന്ത്രിയായ എം.എസ് ആത്മാനന്ദ, എം.ആര്‍ ശശികുമാര്‍, ശുഭദായിനി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ദിവ്യ സ്പന്ദനയുടെ തിരിച്ചു വരവ് ആവശ്യപ്പെട്ടത്. മാണ്ഡ്യയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.