| Wednesday, 26th September 2018, 4:58 pm

മോദിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. ലഖ്‌നൗവിലെ ഗോമ്തിനഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഐ.പി.സി സെക്ഷന്‍ 124-A പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അമന്‍മെന്റ് ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

അഭിഭാഷകനായ സയ്യിദ് റിസ്‌വാനി അഹമ്മദിന്റെ പരാതിയിലാണ് ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അങ്ങേയറ്റം അപമാനിക്കുന്ന പോസ്റ്റാണ് ദിവ്യ സ്പന്ദന കഴിഞ്ഞ ദിവസം പുറത്തുവിട്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചാണ് അവര്‍ അപമാനിച്ചതെന്നും സയ്യിദ് റിസ്വാനി പറയുന്നു.


ഹൈദരാബാദിലെ നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊന്നു; സംഭവം പൊലീസ് നോക്കിനില്‍ക്കെ


പ്രധാനമന്ത്രിക്ക് നേരെ വിദ്വേഷ പ്രചരണമാണ് ദിവ്യ സ്പന്ദന നടത്തിയതെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ അപമാനിക്കലാണ് ഇത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതാണ് പോസ്‌റ്റെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു.

രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. റാഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

ഒരാ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണെന്നും ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് സത്യമാണോ അല്ലെങ്കില്‍ തെറ്റാണോയെന്ന് പ്രധാനമന്ത്രി വിശദമാക്കണം. അദ്ദേഹം ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന ബോധ്യം ഇന്ത്യന്‍ ജനതയുടെ മനസില്‍ ഉറച്ചു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more