| Wednesday, 15th May 2019, 7:57 am

മോദി ഒരു ഏകാധിപതി ആണെന്നാണോ താങ്കള്‍ പറയുന്നത്? അരുണ്‍ ജെയ്റ്റ്ലിയോട് ദിവ്യ സ്പന്ദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മമത ബാനര്‍ജിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ അനുകൂലിച്ച് രംഗത്തെത്തിയ അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദന. ആക്ഷേപ ഹാസ്യത്തിനും, നര്‍മത്തിനും സ്വതന്ത്രമായ ഒരു വ്യവസ്ഥിതിയില്‍ മാത്രമേ നിലനില്‍പ്പുള്ളൂവെന്നും, ഏകാധിപതികള്‍ ഇതിനെ അടിച്ചമര്‍ത്തുമെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.

മമതയുടെ ഫോട്ടോ എഡിറ്റ് ചെയ്ത ബി.ജെ.പിയുടെ യൂത്ത് വിങ് നേതാവ് പ്രിയങ്ക ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് സുപ്രീം കോടതി അവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. മമതാ ബാനര്‍ജിയോട് സംഭവത്തില്‍ മാപ്പ് പറയണമെന്നും അവരോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മോദിയെ പരിഹസിച്ചതിന് ബി.ജെ.പി തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഓര്‍പ്പിച്ചു കൊണ്ടായിരുന്നു ദിവ്യ സ്പന്ദന തിരിച്ചടിച്ചത്.

‘നര്‍മം, ആക്ഷേപ ഹാസ്യം എന്നിവ സ്വതന്ത്രമായ വ്യവസ്ഥിതിയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഏകാധിപത്യഭരണത്തില്‍ ഇവയ്ക്ക് സ്ഥാനമില്ല. ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. ആളുകള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. ബംഗാളില്‍ ഇതാണ് അവസ്ഥ എന്നായിരുന്നു’- എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ട്വീറ്റ്.

ഉടന്‍ തന്നെ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി ദിവ്യ സ്പന്ദന രംഗത്തെത്തുകയായിരുന്നു. ‘ജെയ്റ്റ്‌ലി ജീ, നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ മോദിയെ പരിഹസിച്ചതിന് എനിക്കെതിരെ എന്തിനായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മോദി ഒരു ഏകാധിപതിയാണെന്നാണോ താങ്കള്‍ പറയുന്നത്’- ദിവ്യ ചോദിച്ചു.

മോദി തന്റെ മെഴുകു പ്രതിമയുമയോടൊത്ത് നില്‍ക്കുന്ന ചിത്രത്തില്‍, മെഴുകു പ്രതിമയുടെ നെറ്റിയില്‍ ചോര്‍ (കള്ളന്‍) എന്നെഴുതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പി നടപടി ആവശ്യപ്പെട്ടത് പരാമര്‍ശിച്ചായിരുന്നു ദിവ്യയുടെ മറുപടി.

സെക്ഷന്‍ 500 അപകീര്‍ത്തിപ്പെടുത്തല്‍, ഐ.ടി ആക്ട് എന്നിവ ചുമത്തിയായിരുന്നു പ്രിയങ്ക ശര്‍മയെ പൊലീസ് അറസ്റ്റു ചെയ്തത്.

We use cookies to give you the best possible experience. Learn more