ഫിസിക്കല്‍ അബ്യൂസ് നേരിട്ട സ്ത്രീകളെ കുറിച്ചായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോള്‍ ആലോചിച്ചിരുന്നത്: ദിവ്യ പ്രഭ
Entertainment
ഫിസിക്കല്‍ അബ്യൂസ് നേരിട്ട സ്ത്രീകളെ കുറിച്ചായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോള്‍ ആലോചിച്ചിരുന്നത്: ദിവ്യ പ്രഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th September 2024, 2:06 pm

ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ സത്യാവസ്ഥ തെളിയിക്കാന്‍ രശ്മി എന്ന സാധാരണക്കാരി നടത്തുന്ന പോരാട്ടമാണ് അറിയിപ്പിന്റെ ഇതിവൃത്തം.
രശ്മിയായി മികച്ച പ്രകടനമാണ് ദിവ്യപ്രഭ ചിത്രത്തില്‍ നടത്തിയിരുന്നത്. ചിത്രത്തിലെ രശ്മിയും താനുമായി ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ
രശ്മിയെ മനസിലാക്കാന്‍ കൂടുതല്‍ എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും ദിവ്യ പ്രഭ പറയുന്നു. ദല്‍ഹി എന്ന് പറയുമ്പോള്‍ തനിക് രശ്മിയുടെ സ്വറ്ററിന്റെ മണം ഓര്‍മ വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആ കഥാപാത്രം ചെയ്യുമ്പോള്‍ അത്തരത്തില്‍ ഫിസിക്കല്‍ അബ്യൂസ് നേരിടുന്ന സ്ത്രീകളെ കുറിച്ച് ആലോചിക്കാറുണ്ടായിരുന്നെന്നും അഭിനയിക്കുമ്പോള്‍ തനിക്കത് അത്രയും ബാധിക്കുന്നുണ്ടെങ്കില്‍ ശരിക്കും ഇതെല്ലാം അനുഭവിക്കുന്നവര്‍ എന്തിലൂടെയെല്ലാമായിരിക്കും കടന്നു പോകുന്നത് എന്ന ചിന്ത തന്നെ വല്ലാതെ വേട്ടയാടാറുണ്ടെന്നും ദിവ്യ പ്രഭ പറയുന്നു. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അവര്‍.

‘അറിയിപ്പ് എന്ന് പറയുന്ന സിനിമയില്‍ രശ്മി എന്ന കഥാപാത്രവും ഞാനും ആയിട്ട് യാതൊരു വിധത്തിലും ബന്ധമില്ല. അപ്പോള്‍ ഞാന്‍ കുറച്ചു കൂടെ എഫേര്‍ട്ട് എടുത്ത് രശ്മിയെ മനസിലാക്കിയാല്‍ മാത്രമേ ആ ക്യാരക്ടറിനെ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് എനിക്ക് മനസിലായി.

അതുകൊണ്ട് തന്നെ ഞാന്‍ രശ്മി എന്ന കഥാപാത്രത്തില്‍ വളരെ ഇന്‍വോള്‍വ്ഡ് ആയിരുന്നു. ദല്‍ഹി എന്നാലോചിക്കുമ്പോള്‍, ഫരീദാബാദ് എന്നാലോചിക്കുമ്പോള്‍ എനിക്ക് രശ്മി ഇട്ടിരുന്ന സ്വറ്ററിന്റെ മണമൊക്കെ ഓര്‍മ വരും. ആ സിനിമയിലെ രശ്മി അനുഭവിച്ച പലതും ഷൂട്ടിന്റെ സമയത്ത് എനിക്കും ഫീല്‍ ആകുമായിരുന്നു.

ഇത്തരത്തില്‍ ഫിസിക്കല്‍ അബ്യൂസ് നേരിടുന്ന സ്ത്രീകളെ കുറിച്ച് നമ്മള്‍ അപ്പോള്‍ ആലോചിക്കും. ഇത് വെറുമൊരു കഥ, സിനിമ, കഥാപാത്രം എന്ന രീതിയില്‍ അല്ല. ഈ ചിത്രം എന്തായാലും നമ്മുടെ സമൂഹത്തിലെ ഒരു റിഫ്‌ലക്ഷന്‍ ആണല്ലോ. അഭിനയിക്കുമ്പോള്‍ എനിക്കിത് ഇത്രക്കും ബാധിക്കുന്നണ്ടെങ്കില്‍ ശരിക്കും ഇതെല്ലാം അനുഭവിക്കുന്നവര്‍ എന്തിലൂടെയെല്ലാം ആയിരിക്കും കടന്നുപോകുന്നത് എന്ന ആലോചനകളാണ് എന്നെ കൂടുതലായും വേട്ടയാടുന്നത്,’ ദിവ്യ പ്രഭ പറയുന്നു.

Content Highlight: Divya Prabha Talks About Her Character Rashmi In Ariyippu Movie