| Sunday, 1st December 2024, 4:14 pm

സിനിമയിലെ ക്ലിപ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് ഞാന്‍ ഒരു ഒബ്ജക്ട് മാത്രം; ആര്‍ട്ടിസ്റ്റായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല: ദിവ്യ പ്രഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്‌നരംഗം സിനിമയില്‍ ഉണ്ടെന്നും അതേ തുടര്‍ന്ന് അസഭ്യമായ കമന്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്റിമസി സീനിന്റെ പേരില്‍ പരസ്യവിചാരണനേരിടുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും സ്‌ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം ആസക്തിയോടെ മാത്രം നോക്കാനാണ് പല മലയാളികള്‍ക്കും കഴിയുന്നൊള്ളൂവെന്നും ദിവ്യ പ്രഭ പറയുന്നു.

അഭിനയിക്കുന്നതിന് മുമ്പ് വീട്ടുകാരുമായി ചര്‍ച്ച ചെയ്തിരുന്നെന്നും മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ദിവ്യ പ്രഭ കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ക്ലിപ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് താനൊരു ഒബ്ജക്ട് മാത്രമാണെന്നും ഒരു ആര്‍ട്ടിസ്റ്റായി അംഗീകരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ലെന്നും നടി പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ പ്രഭ.

‘ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തുമെന്നോ ഇത്രയും അംഗീകാരങ്ങള്‍ വാരി കൂട്ടുമെന്നോ ഞാന്‍ കരുതിയതേയില്ല, പക്ഷേ, ചിത്രത്തിലെ കേവലം സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ഇന്റിമസി സീനിന്റെ പേരില്‍ പരസ്യവിചാരണ ചെയ്യപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഉറച്ച ബോധ്യത്തോടെയാണ് ആ രംഗം അഭിനയിച്ചതും.

സ്‌ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം എന്നതിനെ ആസക്തിയോടെയും ആക്രമണമനോഭാവത്തോടെയും മാത്രമേ മലയാളികളില്‍ പലര്‍ക്കും കാണാന്‍ കഴിയുന്നുള്ളൂ. ഓസ്‌കര്‍ പുരസ്‌കാരമൊക്കെ നേടുന്ന ചിത്രങ്ങളില്‍ വിദേശ താരങ്ങള്‍ ഇത്തരം രംഗം അവതരിപ്പിച്ചാല്‍ ഒരു പ്രശ്‌നവുമില്ല.

അപ്പോള്‍ ഒരു മലയാളി പെണ്‍കുട്ടി ഈ രംഗം അഭിനയിച്ചു എന്നതാണ് ഇവരുടെ പ്രശ്നം. അഭിനയിക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ വീട്ടുകാരോട് ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. സിനിമയിലെ ക്ലിപ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് ഞാന്‍ ഒരു ഒബ്ജക്ട് മാത്രമാണ്. ഒരു ആര്‍ട്ടിസ്റ്റായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല,’ ദിവ്യ പ്രഭ പറയുന്നു.

Content Highlight: Divya Prabha Talks About Facing Cyber Attack

Latest Stories

We use cookies to give you the best possible experience. Learn more