| Wednesday, 27th November 2024, 12:38 pm

മലയാളികളെ മൊത്തമായി വിലകുറച്ച് കാണില്ല; ഇപ്പോഴത്തെ യൂത്ത് സിനിമയെ സിനിമയായി കാണുന്നു: ദിവ്യ പ്രഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിക്കൊണ്ടാണ് ചിത്രം തിളങ്ങിയത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മുംബൈയിലെ രണ്ട് മലയാളി നേഴ്സുകളുടെ കഥയാണ് പറയുന്നത്.

നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രം കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. എന്നാല്‍ സിനിമയിലെ ഒരു സീനിനെ കുറിച്ച് മലയാളിസമൂഹത്തെ ഒന്നാകെ നാണം കെടുത്തുന്ന രീതിയിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തില്‍ ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്നരംഗം ഉണ്ടെന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇതിനെതിരെ ദിവ്യ പ്രഭ നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ മലയാളികളെ മൊത്തമായി താന്‍ വിലകുറച്ച് കാണുന്നില്ല എന്ന് പറയുകയാണ് ദിവ്യ പ്രഭ.

കുറച്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ അറ്റാക്ക് വന്നേനെയെന്നും എന്നാല്‍ ഇപ്പോഴത്തെ യൂത്ത് സിനിമയെ സിനിമയായും കലയെ കലയായും കാണുന്നുണ്ടെന്ന് ദിവ്യ പറഞ്ഞു. അത് പോസിറ്റീവ് ആയ കാര്യമാണെന്നും അതുകൊണ്ടുതന്നെ താന്‍ മലയാളികളെ മൊത്തമായി വില കുറച്ച് കാണുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. യു.എ.ഇ യിലെ ഫുജൈറയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ മീഡിയവണ്ണിനോട് സംസാരിക്കുകയിരുന്നു ദിവ്യപ്രഭ.

‘കുറച്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ എല്ലാവരും കൂടെയുള്ള ഒരു അറ്റാക്ക് ആയേനെ. എന്നാല്‍ ഇപ്പോഴത്തെ യൂത്ത് ആണെങ്കില്‍ സിനിമയെ സിനിമയായിട്ടും ആര്‍ട്ടിനെ ആര്‍ട്ടായിട്ടും കാണുന്നുണ്ട്. അത് വളരെ പോസിറ്റിവ് ആയിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ മലയാളികളെ മൊത്തമായി ഞാന്‍ വിലകുറച്ച് കാണില്ല.

ഞാന്‍ കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു കാനിലെ പുരസ്‌കാരം ഒന്നും ആ സിനിമ ചെയ്യുന്ന സമയത്ത് ആലോചിച്ചിരുന്നില്ല. പക്ഷെ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് ഇത് ചെയ്യാം എന്ന് തീരുമാനിക്കുമ്പോഴേ ഇത്തരത്തിലുള്ള ചില കമന്റുകളെല്ലാം ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷം മുന്നേയാണ് ഇതിറങ്ങുന്നതെങ്കില്‍ ഇതിനേക്കാള്‍ മോശമായ അവസ്ഥ ഉണ്ടായേനെ. എന്നാല്‍ കുറേ ആളുകള്‍ ഇപ്പോള്‍ സിനിമയെ സിനിമയായി കാണാന്‍ പഠിച്ചു.

ലോക സിനിമകള്‍ വരുമ്പോള്‍ അതിലെ കാര്യങ്ങളെല്ലാം സിനിമയായി മാത്രം കണ്ടു കളയാനയും നമ്മുടെ നാട്ടില്‍ വരുമ്പോള്‍ മാത്രം എന്താണ് അതേ പ്രേക്ഷകര്‍ ഇത് സ്വീകരിക്കാത്തതെന്നും എനിക്കറിയില്ല. ചിലപ്പോള്‍ ഭാവിയില്‍ അതെല്ലാം മാറുമായിരിക്കും. പ്രതീക്ഷയുണ്ട്,’ ദിവ്യ പ്രഭ പറയുന്നു.

Content Highlight: Divya Prabha’s  Response About Hate Comments

We use cookies to give you the best possible experience. Learn more