| Tuesday, 26th November 2024, 8:13 am

സിനിമയിലെ മറ്റു പലതും കാണാതെ ഇത്തരം കാര്യത്തിലേക്ക് മാത്രം ശ്രദ്ധ പോകുന്നത് കഷ്ടമാണ്: ദിവ്യ പ്രഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിക്കൊണ്ടാണ് ചിത്രം തിളങ്ങിയത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുകളുടെ കഥയാണ് പറയുന്നത്.

നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രം കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളിസമൂഹത്തെ ഒന്നാകെ നാണം കെടുത്തുന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്‌നരംഗം ഉണ്ടെന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ ചിത്രത്തെ കേരളത്തിലുള്ളവര്‍ ബി ഗ്രേഡ് സിനിമയുടെ ലെവലില്‍ ചര്‍ച്ച ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന ഏര്‍പ്പാടാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദിവ്യപ്രഭ.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും എന്നാല്‍ ഈയൊരു കാര്യം ആദ്യമേ വിചാരിച്ചെന്നും ദിവ്യപ്രഭ പറഞ്ഞു. പൈറസിക്കെതിരെ ശക്തമായ നിയമം ഇവിടെ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ദിവ്യപ്രഭ കൂട്ടിച്ചേര്‍ത്തു.

സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് അവര്‍ എത്താന്‍ സമയമെടുക്കുമെന്നും സിനിമ പറയുന്ന മറ്റു വിഷയങ്ങള്‍ കാണാതെ ഇതുമാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ കൂട്ടിച്ചേര്‍ത്തു. സെന്‍സിബിളായിട്ടുള്ള പല പ്രേക്ഷകരും സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞെന്നും അത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദിവ്യപ്രഭ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ദിവ്യപ്രഭ.

‘ഈ സിനിമ കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഈ കാര്യം ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാകാന്‍ കുറച്ച് സമയമെടുക്കും. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അുകൊണ്ട് നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയില്‍ നിന്ന്.

പൈറസിക്ക് എതിരെ ശക്തമായൊരു നിയമം ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണല്ലോ ഇതുള്ളത്. ഞാനിപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കും. സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവര്‍ എത്താന്‍ സമയമെടുക്കും.

സിനിമ പറയുന്ന മറ്റ് വിഷയങ്ങള്‍ ശ്രദ്ധിക്കാതെ ഈയൊരു കാര്യം മാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണ്. എന്നാല്‍ അതേസമയം സെന്‍സിബിളായിട്ടുള്ള പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അത് സന്തോഷം നല്‍കുന്ന കാര്യമാണ്. അടുത്ത ഒരു സിനിമ വരുന്നതുവരെ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ക്ക് ആയുസ്സുള്ളൂ,’ ദിവ്യപ്രഭ പറയുന്നു.

Content Highlight: Divya Prabha reacts to the leaked scenes of All We Imagine as Light movie

We use cookies to give you the best possible experience. Learn more