ചുരുങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിവ്യ പ്രഭ. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയ പായൽ കപാഡിയ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയിലെ ഗംഭീര പ്രകടനമാണ് ദിവ്യ കാഴ്ചവെച്ചത്. ചെറിയ സിനിമകളിലൂടെ കരിയർ തുടങ്ങിയ ദിവ്യപ്രഭ തമാശ എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ആദ്യമായി സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ദിവ്യ പ്രഭ. ഒരിക്കൽ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് യാദൃശ്ചികമായി തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതെന്നും മോഹൻലാൽ നായകനായ ലോക്പാൽ എന്ന സിനിമയായിരുന്നു അതെന്നും ദിവ്യ പ്രഭ പറയുന്നു. അങ്ങനെയൊരു ഭാഗ്യം ലഭിച്ച ഏകനടി താനായിരിക്കുമെന്നും അതിനുശേഷം ഇതിഹാസ, പിയാനിസ്റ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെന്നും ദിവ്യ കൂട്ടിച്ചേർത്തു.
പ്രഭാതസവാരിക്ക് പോയപ്പോൾ സിനിമയിൽ അവസരം കിട്ടിയ ഏക നടി ഞാനവും
– ദിവ്യ പ്രഭ
‘പ്രഭാതസവാരിക്ക് പോയപ്പോൾ നിങ്ങളെ സിനിമയിൽ എടുക്കുക, ചിലപ്പോൾ അത്തരമൊരു അസുലഭഭാഗ്യം ലഭിച്ച ഏകനടി ഞാനായിരിക്കും. ഇനി ആ സംഭവ ബഹുലമായ കഥ പറയാം. ബിരുദപഠനത്തിനുശേഷം കൊച്ചിയിൽ ഒരു താത്കാലിക ജോലി ചെയ്യുന്ന സമയം. എം.ബി.എ. കഴിഞ്ഞ് മാറ്റ് കോച്ചിങ്ങിനൊക്കെ പോവണമെന്ന് വൻ പദ്ധതിയൊക്കെ ഇട്ടിരുന്നു. ഒരു ദിവസം രാവിലെ പ്രഭാതസവാരിക്കായി ഞാൻ സുഭാഷ് പാർക്കിലേക്ക് പ്രവേശിക്കുകയാണ്.
അവിടെ പതിവുപോലെ ഏതോ സിനിമയു ടെ ഷൂട്ടിങ് നടക്കുന്നുണ്ട്. മോഹൻലാൽ ചിത്രം ലോക്പാലിൻ്റെ ഷൂട്ടിങ്ങാണെന്നറിഞ്ഞപ്പോൾ ഒന്നുനോക്കാമെന്ന് കരുതി. അധികം ആളുകളുണ്ടായിരുന്നില്ല. സിനിമയുടെ കോ-ഓഡിനേറ്ററായ നിയാസ് വന്ന് ഒരു സീനിൽ നിൽക്കാൻ പറ്റുമോ എന്ന് ചോദിച്ചു. തീർച്ചയായും എന്ന് കണ്ണുംപൂട്ടി പറഞ്ഞു. അത് കഴിഞ്ഞപ്പോൾ ജോഷി സാർ കാണണമെന്ന് പറഞ്ഞു.
അങ്ങനെ എസ്.എൻ.സ്വാമിയും ജോഷി സാറും ഇരിക്കുന്ന സ്ഥലത്തെത്തി. സായ്‌കുമാർ കഥാപാത്രത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി ഒരു റോൾ ചെയ്യാനാകുമോ എന്ന് ചോദിച്ചു. പ്രത്യേകിച്ച് അഭിനയിക്കാനൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെ നിൽക്കുക അത്രമാത്രം. അതിന് പിന്നാലെ പിയാനിസ്റ്റ് എന്ന സിനിമയിൽ നല്ലൊരു കഥാപാത്രം കിട്ടി.
തുടർന്ന് കമൽ സാറിന്റെ നടൻ, ഇതിഹാസ എന്നീ ചിത്രങ്ങൾ ചെയ്തു. പിന്നാലെ കെ.കെ. രാജീവിന്റെ വേട്ട എന്ന സീരിയൽ ചെയ്തു. ബോബി-സഞ്ജയ് ടീമായിരുന്നു തിരക്കഥ. ആ കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചു,’ദിവ്യ പ്രഭ പറയുന്നു.
Content Highlight: Divya prabha About Mohanlal’s Lokpal Movie