ഷോട്ടിന്റെ സമയത്ത് ഞാന്‍ കോണ്‍ഷ്യസ് ആയി, മമ്മൂക്കയുടെ ആ വാക്കുകള്‍ ആത്മവിശ്വാസം നല്‍കി: ദിവ്യ പിള്ള
Entertainment
ഷോട്ടിന്റെ സമയത്ത് ഞാന്‍ കോണ്‍ഷ്യസ് ആയി, മമ്മൂക്കയുടെ ആ വാക്കുകള്‍ ആത്മവിശ്വാസം നല്‍കി: ദിവ്യ പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 2:58 pm

വിനീത്കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് ദിവ്യ പിള്ള. ജിത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഊഴമാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മംഗളവാരം എന്ന തെലുങ്ക് ചിത്രത്തിലെ ദിവ്യയുടെ പ്രകടനം നിരവധി പ്രശംസ നേടിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബസൂക്കയില്‍ ഒരു പ്രധാന വേഷത്തില്‍ ദിവ്യ പിള്ള എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ദിവ്യ പിള്ള. ബസൂക്കയില്‍ മമ്മൂട്ടിയാണ് ലീഡ് എന്നറിഞ്ഞപ്പോള്‍ ത്രില്ലായെന്നും മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നെന്നും ദിവ്യ പറഞ്ഞു.

ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്യുന്നതെന്നും ഷോട്ടിന്റെ സമയത്ത് കോണ്‍ഷ്യസ് ആകുന്നുണ്ടായിരുന്നെന്നും ദിവ്യ പറയുന്നു. അത് മനസിലാക്കിയ മമ്മൂട്ടി ആശ്വസിപ്പിച്ചെന്നും ആ വാക്കുകള്‍ വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ പിള്ള.

‘മമ്മൂക്കയാണ് ബസൂക്കയില്‍ ലീഡ് എന്നറിഞ്ഞപ്പോഴേ ത്രില്‍ഡ് ആയി. മുമ്പ് മമ്മൂക്ക നായകനായ മാസ്റ്റര്‍പീസില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്യുന്നത്. ഷോട്ടിന്റെ സമയത്ത് കോണ്‍ഷ്യസ് ആകുന്നുണ്ടായിരുന്നു. അത് മനസിലായിട്ടാകണം മമ്മൂക്ക സമാധാനിപ്പിച്ചു.

‘സിങ്ക് സൗണ്ടിനെക്കുറിച്ചു മറന്നേക്കു. നമ്മള്‍ ഏറ്റവും കൃത്യതയോടെ ഡയലോഗുകള്‍ പറയുന്നതു സ്‌പോട്ടിലാണ്. അതുമായി ചേര്‍ത്തുവയ്ക്കാനുള്ള ശ്രമങ്ങളാണ് ഡബിങ് സ്റ്റുഡിയോയില്‍ നടക്കുന്നത്. ലൈവായി സംസാരിക്കുമ്പോള്‍ വൈകാരികത കൂടും. അതുമാത്രമാണ് ഇവിടെ വേണ്ടത്.’ ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു,’ ദിവ്യ പിള്ള പറയുന്നു.

Content Highlight: Divya Pillai Talks About Mammootty