വിനീത്കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് ദിവ്യാ പിള്ള. ജിത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഊഴമാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മംഗളവാരം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനം നിരവധി പ്രശംസ നേടി. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന അന്ധകാരയാണ് താരത്തിന്റെ പുതിയ ചിത്രം.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഊഴം സിനിമയുടെ ഷൂട്ടിങിനിടെ മേക്കപ്പിന്റെ പേരില്‍ പൃഥ്വിരാജ് കളിയാക്കിയ അനുഭവം താരം പങ്കുവെച്ചു. ഊഴം സിനിമയുടെ ഷൂട്ടിനിടെ പൃഥ്വി മേക്കപ്പിന്റെ പേരില്‍ ട്രോളിയ സംഭവം എന്തായിരുന്നു
എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ട്രോളിയതല്ല, ആ സംഭവം എങ്ങനെയാണെന്നു വെച്ചാല്‍, എന്റെ രണ്ടാമത്തെ സിനിമയായിരുന്നു അത്. ഷൂട്ടിങിനെപ്പറ്റിയൊന്നും എനിക്ക് ആ സമയത്ത് ഒന്നും അറിയില്ല. അയാള്‍ ഞാനല്ല എന്ന സിനിമയില്‍ ‘ഈ കുട്ടിക്ക് ക്യാമറയുടെ മുന്നില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ’ എന്ന് ടെസ്റ്റ് ചെയ്യല്‍ മാത്രമായിരുന്നു. ഊഴത്തില്‍ വന്നപ്പോഴാണ് സിനിമ എന്താണ്, കണ്ടിന്യുവിറ്റി എന്താണ് എന്നൊക്കെ അറിയുന്നത്. കണ്ടിന്യുവിറ്റി എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അപ്പോഴാണ്.
ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ നേരം എന്റെ കൈയില്‍ നെയില്‍പോളിഷ് ഉണ്ടായിരുന്നു. ഞാന്‍ റെഡ് നെയില്‍പോളിഷൊക്കെ അടിച്ചിട്ട് അവിടെ പോയി ഇരുന്നപ്പോള്‍ പൃഥ്വി എന്നോട് ചോദിച്ചു, ‘ദിവ്യാ, ഇതിനു മുന്നത്തെ സീന്‍ എന്തായിരുന്നു?.’ ഞാന്‍ പറഞ്ഞു, എന്റെ ബ്രദര്‍ മരിച്ചു, ആശുപത്രിയില്‍ കൊണ്ടുപോയി.
അടുത്തത് നമ്മള്‍ എങ്ങോട്ടാ പോകുന്നതെന്ന് പൃഥ്വി ചോദിച്ചു. ഞാന്‍ പറഞ്ഞു, ബ്രദര്‍ എങ്ങനെയാ മരിച്ചതെന്ന് ചോദിക്കാന്‍ വേണ്ടി കമ്മീഷണര്‍ ഓഫീസിലേക്ക്. ‘നെയില്‍പോളിഷും ലിപ്സ്റ്റിക്കും ഇട്ടിട്ടാണോ ബ്രദര്‍ മരിച്ച കാര്യം പറയാന്‍ വേണ്ടി പോകുന്നതെന്ന് പൃഥ്വി ചോദിച്ചു.
ഒരു ആക്ടര്‍ എന്ന നിലയില്‍, ഈ സീനില്‍ ഇങ്ങനെ ചെയ്യണം, നേരത്തേയുള്ള സീന്‍ എന്താ എന്നൊന്നും ചിന്തിക്കാറില്ലായിരുന്നു. നമ്മുടെ വിചാരം, ഹീറോയിന്‍ അല്ലേ, സുന്ദരിയായിട്ടിരിക്കണ്ടേ എന്നൊക്കെയായിരുന്നു,’ ദിവ്യ പറഞ്ഞു.
Content Highlight: Divya Pillai share the shooting experience of Oozham