ആദിവാസികളുടെ വനാവകാശങ്ങളെ അടിമുടി വെല്ലു വിളിക്കുന്ന 'സ്വയം സന്നദ്ധ മാറ്റിപ്പാര്‍പ്പിക്കല്‍'
adivasi land rights
ആദിവാസികളുടെ വനാവകാശങ്ങളെ അടിമുടി വെല്ലു വിളിക്കുന്ന 'സ്വയം സന്നദ്ധ മാറ്റിപ്പാര്‍പ്പിക്കല്‍'
ദിവ്യ കളത്തിങ്ങല്‍
Saturday, 7th September 2019, 2:28 pm

സമീപ കാലത്ത് നാം നേരിട്ട രണ്ടു പ്രധാന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും കരകയറാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാനം. ഈ രണ്ടു ദുരന്തങ്ങളിലും ആദിവാസി മേഖലകളില്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാശനഷ്ടങ്ങള്‍ ഗുരുതരമായിരുന്നു. തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്ക് മേല്‍ വീണ്ടും ഓര്‍ക്കാപുറത്തേല്‍ക്കുന്ന പ്രഹരമായാണ്  വന മേഖലകളില്‍ നിന്നും ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന സര്‍ക്കാറിന്റെ ‘സ്വയം സന്നദ്ധ മാറ്റിപ്പാര്‍പ്പിക്കല്‍’ നീക്കം കടന്നുവരുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് കേരളം 200 കോടി രൂപ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ 2019 മെയ് മാസത്തില്‍ 52 കോടി രൂപ നല്‍കാം എന്ന് കേരള സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് ചീഫ് സെക്രെട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. അതിനും പുറമെ വനംവകുപ്പ്, പ്രളയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 105 കോടി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. വനമേഖലകളില്‍ നിന്നും ആദിവാസികളെ പുറത്താക്കുന്നതിനായുള്ള ഇത്തരം സംഘടിത നീക്കങ്ങള്‍ക്കെതിരെ വിവിധ ആദിവാസി സംഘടനകള്‍ സെപ്തംബര്‍ 7 ന് രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.

ആദിവാസികളെ വനത്തില്‍ നിന്നും പുറത്തു കൊണ്ട് വരണം എന്ന പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്നത് വനം വകുപ്പാണ്. 2006 ലെ വനാവകാശ നിയമ പ്രകാരം, നിയമത്തിന്റെ നടത്തിപ്പിനുള്ള ചുമതലയുള്ളത് പട്ടിക വര്‍ഗ വകുപ്പിനാണ്. കേന്ദ്രത്തില്‍ ആദിവാസി മന്ത്രാലയമാണ് വനാവകാശ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ അവസരത്തില്‍ ആദിവാസികള്‍ക്ക് വനാവകാശ പ്രകാരം അവകാശങ്ങള്‍ ഉറപ്പ് വരുത്തേണ്ട പട്ടിക വര്‍ഗ വകുപ്പ്, വയനാട് വന്യ ജീവി സങ്കേതത്തില്‍ നിന്നുമുള്ള  മാറ്റിപ്പാര്‍പ്പിക്കലിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പോലും അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുകയോ നിയമലംഘനം ചൂണ്ടിക്കാണിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, മാറ്റിപ്പാര്‍പ്പിക്കല്‍ എളുപ്പമാക്കാനുള്ള വനം വകുപ്പിന്റെ നിയമലംഘനത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്.

ഇവിടെ പട്ടിക വര്‍ഗ വകുപ്പ് കാണിച്ചിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഇത് കേന്ദ്ര ആദിവാസി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേര്‍ വിപരീതമാണ് താനും. ‘നീ ചെയ്യുന്നതെന്തെന്നു നീ അറിയുന്നില്ല’ എന്ന് പറഞ്ഞതു പോലെയാണ് പട്ടിക വര്‍ഗ വകുപ്പിന്റെ കാര്യം. ഇതില്‍ ശ്രദ്ധിക്കേണ്ട വേറെ ഒരു വസ്തുത പട്ടിക വര്‍ഗ ഡയറക്ടര്‍ ഒരു വനം വകുപ്പ് ജീവനക്കാരന്‍ ആണെന്നതാണ്. ആത്യന്തികമായി വനം വകുപ്പിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കലിന് ആണ് മുന്‍ത്തൂക്കം കിട്ടുക. ഈ പദവിയില്‍ നിന്നും ഐ.എഫ്.എസ് ഉദ്യഗസ്ഥരെ നീക്കം ചെയ്യണം എന്നത് ആദിവാസി സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

വയനാട് വന്യ ജീവി സങ്കേതത്തിന്റെ കാര്യം എടുക്കുയാണെങ്കില്‍ ദേശീയ കടുവാ സങ്കേതങ്ങളില്‍ നിന്നും ആദിവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള ദേശീയ കടുവ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്. വയനാട്, കടുവാ സങ്കേതം അല്ലാത്തതിനാല്‍ പ്രഥമദൃഷ്ടയാല്‍ തന്നെ ഇത് നിയമ ലംഘനമാണ്.

വന്യതാ സങ്കല്‍പവും സംരക്ഷിത പ്രദേശങ്ങളും

കാട് എന്ന് പറയുന്നത് കാടിന് തന്നെ വിട്ടു കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ആദ്യം ചോദിക്കേണ്ടത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതലുള്ള പഴക്കമുണ്ട്. പരിസ്ഥിതി  വൈവിധ്യം  നിലനിര്‍ത്താന്‍ എല്ലാ തരത്തിലുമുള്ള ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നതാണ് അമേരിക്കയില്‍ ഉദയം കൊണ്ട വന്യത സങ്കല്‍പ്പത്തിന്റെ ആധാരമെന്ന് മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും( the  use and abuse of nature 2000) നിരീക്ഷിക്കുന്നുണ്ട്. 1864 ല്‍ ആദ്യ ദേശീയ ഉദ്യാനം സ്ഥാപിക്കുന്നതിനു വേണ്ടി തദ്ദേശീയരെ കുടിയിറക്കി. തുടര്‍ന്ന് വന്ന വന്യത സംരക്ഷണ പ്രസ്ഥാനത്തിനെ തുടര്‍ന്ന്  വനങ്ങളില്‍ നിന്നും വ്യാപകമായി കുടിയൊഴിപ്പിക്കലുണ്ടായി.

1970 കള്‍ക്ക് ശേഷമുണ്ടായ പല രീതിയിലുള്ള അന്തര്‍ദേശീയ ഉടമ്പടികളെ  തുടര്‍ന്ന് ആദിവാസികള്‍ക്ക് സംരക്ഷിത വനമേഖലയിലുള്ള അവകാശങ്ങള്‍  അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചു തുടങ്ങുകയുണ്ടായി. അതേസമയം ഇന്ത്യയില്‍  1970 കള്‍ക്ക് ശേഷം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു വലിയ മാറ്റങ്ങളുണ്ടായി. പ്രത്യേകിച്ചു പറഞ്ഞാല്‍ ഇന്ദിര ഗാന്ധി പ്രധാന മന്ത്രി ആയ സമയത്ത് stockholm convention ല്‍ പങ്കെടുക്കാനുള്ള സാഹചര്യവും തുടര്‍ന്ന് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക് പൊതുവെ ആക്കം കൂടിയതുമെല്ലാം ആദിവാസികളുടെ  വിഭവങ്ങളില്‍ നിന്നുള്ള അന്യാധീനപ്പെടലില്‍ കലാശിച്ചു.

1972 ലെ വന്യജീവി സംരക്ഷണ നിയമം വന്യ ജീവികള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ തന്നെ ആദിവാസികളുടെ വിഭവങ്ങളിന്മേലുള്ള അവകാശങ്ങളില്‍  വലിയ തോതില്‍ വിലക്കേര്‍പ്പെടുത്തുന്നുണ്ട്. ഈ നിയമം സംരക്ഷിത വന പ്രദേശങ്ങളില്‍ നിന്നുള്ള വന വിഭവ ശേഖരണം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നുണ്ട്. ഈ അവകാശങ്ങള്‍ തത്വത്തിലെങ്കിലും തിരിച്ചു വരുന്നത് 2006 ലെ വനാവകാശ നിയമത്തിലൂടെയാണ്.  സഹവര്‍ത്തിത്വം എന്ന ഒരു ആശയത്തെ മുന്‍ നിര്‍ത്തിയാണ് നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പാട് ശാസ്ത്രീയവും രാഷ്ട്രീയവുമായ ആശയ സംവാദങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു കാഴചപ്പാട് നിയമം മുന്നോട്ട് വെക്കുന്നത്.

രാജസ്ഥാനിലെ ഭരത്പൂര്‍ പക്ഷി സങ്കേതം ആണ് ഇത്തരത്തില്‍ മനുഷ്യവാസം കൊണ്ട് പരിസ്ഥിതി നാശം സംഭവിക്കില്ല എന്ന ഉത്തമ ഉദാഹരണമായി കാണിക്കപ്പെടുന്നത്. കര്‍ണാടകയിലെ ബി.ആര്‍ ഹില്‍സ് കടുവ സങ്കേതത്തില്‍ വനാവകാശ നിയമം അംഗീകരിക്കപ്പെട്ടതിന് ശേഷവും കടുവകളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷണം, ആദിവാസികളുടെ വനാവകാശ നിയമത്തിന്റെ ലംഘനം, വിഭവങ്ങളുടെ മേലുള്ള അവകാശം, സംരക്ഷിത വന പ്രദേശങ്ങളുമായി ബന്ധപെട്ടു നിലനില്‍ക്കുന്ന ചര്‍ച്ചകള്‍, സ്വയം സന്നദ്ധ മാറ്റിപാര്‍പ്പിക്കലിന്റെ നിയമലംഘനം, വയനാട്ടില്‍ നടന്നിട്ടുള്ള രാഷ്ട്രീയ – പാരിസ്ഥിതിക ചര്‍ച്ചകള്‍  എന്നിവയൊക്കെ പ്രധാനമാണ്.

വന്യജീവിസങ്കേതവും ആദിവാസികളും: ഒരു ഉദാഹരണം

1973ല്‍ നിലവില്‍ വന്ന വയനാട് വന്യജീവി സങ്കേതം മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി, സുല്‍ത്താന്‍ ബത്തേരി എന്നീ റേഞ്ചുകളില്‍ വ്യാപിച്ചുകിടക്കുന്നു. മൂന്ന് സംരക്ഷിത പ്രദേശങ്ങളുടെ തുടര്‍ച്ചയായി നിലകൊള്ളുന്ന മേഖലയാണ് വനാട് വന്യജീവിസങ്കേതം. വടക്ക് കിഴക്ക് ഭാഗത്ത് നാഗര്‍ഹൊള, ബന്ദിപ്പൂര്‍ മുതലായവയും കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് മുതുമലയും സ്ഥിതിചെയ്യുന്നു. മൊത്തം വിസ്തൃതിയുടെ 101.437 ചതുരശ്ര കിലോമീറ്റര്‍ പ്ലാന്റേഷനും 242.954 ചതുരശ്ര കിലോമീറ്റര്‍ സ്വാഭാവിക വന പ്രദേശവുമാണ്(First Management plan of Wayanad Wildlife Sanctuary, 1990-2000).

വന്യജീവി സങ്കേതത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് കേരളത്തിലെ രണ്ടാമത്തെ ആദിവാസി ജനസംഖ്യ കൂടിയ പഞ്ചായത്തായ നൂല്‍പ്പുഴയിലാണ്. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക, ഊരാളി, കുറുമര്‍ (കുറിച്യര്‍ ഒഴിച്ച്) എല്ലാം വന്യജീവി സങ്കേതത്തിനകത്തോ, അതിന്റെ ഓരത്തോ ജീവിച്ചുപോരുന്നു. കടുവാസങ്കേതത്തില്‍ നടത്തുന്ന മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതിയേക്കാള്‍ വേഗത്തില്‍ ഒരു വന്യജീവിസങ്കേതത്തില്‍ ഈ പരിപാടി നടക്കുന്നു എന്നത് ഒരു പക്ഷേ അതിശയമായി തോന്നിയേക്കാം. വന്യജീവി സങ്കേതത്തില്‍ നിലനില്‍ക്കുന്ന വന്യജീവി ആക്രമണങ്ങളും, അതിന് കൊടുക്കേണ്ടിവരുന്ന വലിയ നഷ്ടപരിഹാരങ്ങളും ഒക്കെത്തന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്ന ആശയത്തിന് ഒറ്റനോട്ടത്തില്‍ ഒരു കാരണമായി തോന്നിയേക്കാം. എന്നാല്‍ വനംവകുപ്പിന്റെ തന്നെ പഴയ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇതൊരു പുതിയ പദ്ധതിയല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും.


വയനാട് വന്യജീവിസങ്കേതത്തിന്റെ ആദ്യ മാനേജ്മെന്റ് പ്ലാന്‍ തന്നെ വന്യജീവിസങ്കേതത്തില്‍ നിന്നുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുപ്രകാരം പുനരധിവാസത്തിനുള്ള മൊത്തം തുകയായി 1220.55 ലക്ഷം രൂപ കണക്കാക്കപ്പെട്ടിട്ടുമുണ്ട്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ 2008ല്‍ പുറത്തിറങ്ങിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നതനുസരിച്ച് (Format for preparation of village relocation plan from core/ critical Tiger Habitats- Feb 2008, NTCA) പ്രധാനമുള്ളതും/ അതിപ്രധാനമുള്ളതും (Core/ Critical) ആയ കടുവാ ആവാസവ്യവസ്ഥകളില്‍ നിന്നും ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 2010ല്‍ കേരള വന ഗവേഷണകേന്ദ്രം (കെ.എഫ്.ആര്‍.ഐ) വയനാട് വന്യജീവി സങ്കേതത്തില്‍ ഒരു പഠനം നടത്തുകയും മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതി രൂപീകരിക്കുകയും ചെയ്തിരുന്നു. കെ.എഫ്.ആര്‍.ഐ പഠനപ്രകാരം 110 ഊരുകളിലായി 2613 വീടുകള്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ഇതിലെ മൊത്തം ജനസംഖ്യ 10,604. അതില്‍ 51 ശതമാനം (1335) കുടുംബങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കലിന് സന്നദ്ധമാണെന്ന് പഠനം പറയുന്നു. ഇതിലൂടെ 1700.97 ഏക്കര്‍ സ്ഥലം വന്യജീവി സങ്കേതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

ആദ്യഘട്ട മാറ്റിപ്പാര്‍പ്പിക്കലിനായി കണക്കാക്കിയിട്ടുള്ള 14 ഊരുകളില്‍ ഒമ്പത് സ്ഥലത്ത് വനംവകുപ്പ് പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, അതില് നാല് സ്ഥലങ്ങളില്‍ (ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, അരുകുഞ്ചി) മാറ്റിപ്പാര്‍പ്പിക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിലെ ബാക്കി അഞ്ച് സ്ഥലങ്ങളിലും മാറ്റിപ്പാര്‍പ്പിക്കല്‍ പുരോഗമിച്ചുവരുന്നു. മാറ്റിപ്പാര്‍പ്പിക്കലിനുവേണ്ടി അനുമതി ലഭിച്ചിട്ടുള്ള 27.9 കോടി രൂപയില്‍ (ഇതില്‍ 7.4 കോടി രൂപ പട്ടികവര്‍ഗ്ഗ വകുപ്പ് നല്‍കി), 21.68 കോടി രൂപ നാല് ഊരുകളുടെ മൊത്തത്തിലുള്ള മാറ്റിപ്പാര്‍പ്പിക്കലിന് വേണ്ടിയും (ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, അരകുഞ്ചി), അഞ്ച് ഊരുകളുടെ ഭാഗികമായ കുടിയൊഴിപ്പിക്കലിനും ഉപയോഗപ്പെടുത്തി.

വനാവകാശ നിയമത്തിന്റെ ലംഘനം

ആദിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രപരമായ അനീതികള്‍ പരിഹരിക്കുന്നതിനുവേണ്ടി 2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമത്തിന്റെ അട്ടിമറിയാണ് ഈ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലുടനീളം കാണാന്‍ കഴിയുന്നത്. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ഊരുകളില്‍ നാലെണ്ണം പൂര്‍ണമായും ഒഴിപ്പിച്ചുകഴിഞ്ഞു. ഈ നാല് ഊരുകളുടെയും വ്യക്തിഗത അവകാശം വനാവകാശ നിയമ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സാമൂഹിക വനാവകാശം അംഗീകരിക്കുന്നതിനുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടുമില്ല. കേരളത്തിലെ അഞ്ച് പ്രാക്തന ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കാട്ടുനായ്ക്കരുടെ ഹാബിറ്റാറ്റ് റൈറ്റ്സ് – അഥവാ ആവാസ വ്യവസ്ഥയ്ക്കുമേലുള്ള അവകാശങ്ങള്‍ പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എല്ലാ തരത്തിലുള്ള അവകാശങ്ങളും അംഗീകരിച്ചിട്ടുണ്ട് എന്നതാണ് വനംവകുപ്പിന്റെ വാദം. അംഗീകരിച്ചു എന്നു പറയുന്ന വ്യക്തിഗത അവകാശങ്ങള്‍ തന്നെ (ചെട്ട്യാലത്തൂര്‍ ഊരില്) അപൂര്‍ണവും അവ്യക്തവുമാണ്.

പല രേഖകളിലും അവകാശമായി നല്‍കിയ സ്ഥലത്തിന്റെ ഭൂപടം രേഖപ്പെടുത്തിയിട്ടില്ല. മറ്റൊരു സ്ഥലത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതോടെ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള അവകാശങ്ങള്‍ റദ്ദുചെയ്യപ്പെടുകയും ചെയ്യും. മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സ്ഥലങ്ങളായ കൊട്ടങ്കര, പള്ളിവേല്‍ എന്നിവിടങ്ങളിലെയും, മാറ്റിപ്പാര്‍പ്പിക്കല്‍ ശ്രമങ്ങള്‍ നടക്കുന്ന മണിമുണ്ട, ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലെയും ആളുകളോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് വനാവകാശനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിചയമില്ല എന്നാണ് മനസ്സിലായത്. പഴയ കൈവശരേഖയും വനാവകാശരേഖയും തമ്മിലുള്ള വ്യത്യാസം തന്നെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാട്ടുനായ്ക്കര്‍ ഉള്‍പ്പെടെ വനത്തില്‍ ജീവിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ അറിവില്ലായ്മയുണ്ട്. മാറ്റിപ്പാര്‍പ്പിക്കലുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തുന്നത് ഭാഗികമായ വിവരകൈമാറ്റമാണെന്നാണ് (misinformation) ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അതേസമയം പത്തു ലക്ഷം രൂപയുടെ പാക്കേജ് അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ലാത്ത തുകയാണെന്ന കാര്യം അവര്‍ തിരിച്ചറിയുന്നുമുണ്ട്.

”വനാവകാശവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് വനംവകുപ്പ് വിളിച്ചുചേര്‍ത്ത് വനാവകാശ കമ്മിറ്റി (FRC) രൂപീകരിച്ചു. അതിനെത്തുടര്‍ന്ന് മീറ്റിംഗുകള്‍ നടന്നിട്ടില്ല. ആ കമ്മിറ്റി രൂപീകരണ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് ഭൂപടം നല്‍കുകയും, അതില്‍ ഞങ്ങള്‍ വനവിഭവശേഖരണത്തിന് (NTFP) ആശ്രയിക്കുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിക്കലും നടന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മീറ്റിംഗ് കൂടി. ഇതുമാത്രമാണ് ഇവിടെ നടന്നത്.” മണിമുണ്ടയിലെ കാട്ടുനായ്ക്ക കാരണവര്‍ പറയുന്നു.

പള്ളിവേലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കും ഇത്തരത്തില്‍ ഒരു ഗ്രാമസഭ വിളിച്ചുകൂട്ടിയതിനെക്കുറിച്ചോ, വനാവകാശം ചര്‍ച്ച ചെയ്തതിനെക്കുറിച്ചോ അറിവില്ല. അപൂര്‍ണ്ണമായ വിവരങ്ങള്‍ക്കും, ബോധ്യപ്പെടുത്തലുകള്‍ക്കും നടുവിലാണ് മാറ്റിപ്പാര്‍പ്പിക്കല്‍ നടക്കുന്നത് (misinformed conscentt) എന്ന് വ്യക്തം. സാമൂഹിക വനാവകാശം, വികസനാധികാരം, ഗ്രാമസഭയുടെ അനുമതി തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയിരിക്കുന്നു. ‘free informed consent’എന്ന് നിയമത്തില്‍ പറയുന്ന കാര്യവും ലംഘിക്കപ്പെടുന്നു. വനംവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം വന്യജീവി സങ്കേതത്തിലെ 1433 കുടുംബങ്ങളുടെ വ്യക്തിഗത അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട് (297.06107 ഹെക്ടര്‍).

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഗൈഡ്ലൈന്‍സ് പ്രകാരം മാറ്റിപ്പാര്‍പ്പിക്കല്‍ നടക്കേണ്ടത് വന്യജീവി സംരക്ഷണ നിയമത്തിനും വനാവകാശ നിയമത്തിനും അനുസൃതമായി ആകണം. വനാവകാശ നിയമം സെക്ഷല്‍ 4(1) പ്രകാരം അവകാശങ്ങള്‍ അംഗീകരിക്കേണ്ടതിനെക്കുറിച്ച് ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വനാവകാശ നിയമപ്രകാരമുള്ള ക്രിട്ടിക്കല്‍ വൈല്‍ഡ്ലൈഫ് ഹാബിറ്റാറ്റിന്റെ (അതിപ്രധാനമായ വന്യജീവി ആവാസവ്യവസ്ഥ) പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഗൈഡ്ലൈന്‍സ് ഇറക്കാന്‍ പോലും സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കടുവാസങ്കേതമല്ലാത്ത വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കല്‍ നടക്കുന്നത്.

വനാവകാശ നിയമം സെക്ഷന്‍ 4(2) പ്രകാരമാണ് ക്രിട്ടിക്കല്‍ വൈല്ഡ് ലൈഫ് ഹാബിറ്റാറ്റ് (സി.ഡബ്ള്യു.എച്ച്/CWH) എന്ന പേരില്‍ പുതിയ സംരക്ഷിത പ്രദേശം എന്ന ആശയം വരുന്നത്. ദേശീയോദ്യാനങ്ങളിലോ, വന്യജീവിസങ്കേതങ്ങളിലോ വന്യജീവി സംരക്ഷണത്തിനുവേണ്ടി ഉണ്ടാകേണ്ടുന്ന പ്രത്യേക സംരക്ഷണ പ്രദേശങ്ങളാണിവ. ഇത്തരം സ്ഥലങ്ങള്‍ പ്രഖ്യാപിക്കേണ്ടുന്ന നടപടിക്രമങ്ങളും, ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, സി.ഡബ്ള്യു.എച്ചില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പലവിധ വാദങ്ങളും നിലനില്‍ക്കുന്നതിനാല്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സി.ഡബ്ള്യു.എച്ചിന്റെ ഗൈഡ്ലൈന്‍സ് ഇതുവരെ പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ വനാവകാശ നിയമപ്രകാരമുള്ള ക്രിട്ടിക്കല്‍ വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റിന്റെയോ, ടൈഗര്‍ റിസര്‍വ് അല്ലാത്തതിനാല്‍ ക്രിട്ടിക്കല്‍ ടൈഗര്‍ ഹാബിറ്റാറ്റിന്റെയോ പരിധിയില്‍ വരാത്ത സ്ഥലമാണ് വയനാട് വന്യജീവി സങ്കേതം.

വനാവകാശ നിയമത്തിന്റെ രൂപീകരണം മുതല്‍ തന്നെ അതില്‍ വെള്ളം ചേര്‍ക്കാനും ലംഘിക്കാനും പലരീതിയില്‍ പരിസ്ഥിതി മന്ത്രാലയം ശ്രമം നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2006ല്‍ തന്നെ നടന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭേദഗതിയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ രൂപീകരണവുമാണ്. ഇത് പ്രകാരമാണ് ഇന്ത്യയില്‍ ക്രിട്ടിക്കല്‍ ടൈഗര്‍ ഹാബിറ്റാറ്റിന്റെ (സി.ടി.എച്ച്) പ്രഖ്യാപനങ്ങള്‍ നടക്കുന്നത്. വനാവകാശ നിയമത്തിന്റെ ചട്ടം നിലവില്‍ വരുന്നതിന് മുമ്പുതന്നെ (ജനുവരി 1, 2008) കടുവാസങ്കേതങ്ങളിലെ 30,460 ചതുരശ്ര കിലോമീറ്റര് ഏരിയ സി.ടി.എച്ചായി പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിലെ സാമൂഹിക വനാവകാശം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 14 ഊരുകളില്‍ ഒഴികെയുള്ള ചില സ്ഥലങ്ങളില്‍ വനാവകാശനിയമത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ്. പക്ഷെ, ഇവയിലൊക്കെതന്നെ വനാവകാശ കമ്മിറ്റിയുടെ ഇടപെടലും അറിവും കുറവാണ്. ഗ്രാമസഭകളുടെ ശാക്തീകരണമാണ് വനാവകാശത്തിന്റെ മുഖ്യതത്വം എന്നിരിക്കെ ഇതിനെ കേവലം ആദിവാസി ക്ഷേമ പരിപാടിയായി കാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരുവശത്ത് മാറ്റിപ്പാര്‍പ്പിക്കലും, മറുവശത്ത് സാമൂഹിക വനാവകാശ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് തീര്‍ത്തും വൈരുദ്ധ്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് കേരള വനംവകുപ്പ്.

മാറ്റിപ്പാര്‍പ്പിക്കല്‍ ആദിവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ബാധകമാണ്. ഉദാഹരണത്തിന് സുല്‍ത്താന്‍ ബത്തേരിയിലെ മണിമുണ്ട പ്രദേശത്തെ അനാദിവാസികള്‍ക്ക് കാട്ടില്‍ നിന്നും പുറത്തേക്ക് വരാന്‍ താല്പര്യമുണ്ട്. അതേസമയം അവിടുത്തെ ആദിവാസികള്‍ ഇതിന് എതിരാണുതാനും. ഈ അവസരം മുതലെടുത്തുകൊണ്ടുതന്നെ വൈദ്യുതലൈന്‍ ഇടാനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി. വൈദ്യുതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മണിമുണ്ടക്കാര്‍ കെ.എസ്.ഇ.ബിയില്‍ കൊടുത്ത പരാതിയിന്മേല്‍ അവര്‍ക്ക് ലഭിച്ച മറുപടിയില്‍ നിന്നും, ”സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താങ്കളുടെ പ്രദേശത്തിലേക്ക് വൈദ്യുതി എത്തുന്നതിന് വേണ്ടി 1.8 കി.മീ ദൂരത്തില്‍ ഭൂഗര്‍ഭ കേബിളും, വിതരണ ട്രാന്‍സ്ഫോമറുകളും, അനുബന്ധ ലോ ടെന്‍ഷന്‍് ലൈനുകളും സ്ഥാപിക്കുന്നതിനാണ് ഭരണാനുമതി ലഭ്യമായത്. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന മുറക്ക് പരാതിയില്‍ പറയുന്ന പ്രദേശത്തേക്ക് വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതാണ്’.

ഇതേ പരാതിയിന്മേല്‍ പാലക്കാട് സി.സി.എഫിന്റെ ഭാഗത്ത് നിന്നും സമാനമായ മറുപടി ലഭിച്ചിട്ടുണ്ട്. താരതമ്യേന വന്യജീവി പ്രശ്നങ്ങള്‍ വളരെ കുറവായ മേഖലയാണ് ഇതെന്ന് കാട്ടുനായ്ക്ക മൂപ്പന്‍ തന്നെ പറയുന്നുണ്ട്. ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ നല്‍കിയാല്‍ ഇവിടെത്തന്നെ തുടരാന്‍ താല്പര്യമുള്ളവരാണ് ഈ ജനങ്ങള്‍. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി അംഗവുമായ ശോഭന്‍ കുമാറും ഈ സമീപനത്തെ പിന്താങ്ങുന്നുണ്ട്. പലതരത്തിലുള്ള സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ ബുദ്ധിമുട്ടിച്ച് മനുഷ്യരെ പുറത്തിറക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. മനുഷ്യരെ മൊത്തം പുറത്താക്കി, ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന ആദിവാസികളുടെ തിരിച്ചറിവിന് അവരുടെ അനുഭവങ്ങളുടെ ഭാരമുണ്ട്.

എന്‍.ടി.സി.എ ഗൈഡ്ലൈന്‍സ് (2008) പ്രകാരം മാറ്റിപ്പാര്‍പ്പിക്കല്‍ സുതാര്യമാക്കുന്നതിന് വേണ്ടി രണ്ട് കമ്മിറ്റികളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് ജില്ലാതലകമ്മിറ്റിയും, രണ്ട് സംസ്ഥാനകമ്മിറ്റിയും. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതലകമ്മിറ്റിയില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഭാഗമാണ്. രൂപീകൃതമായപ്പോള്‍ കേവലം 13 അംഗങ്ങളോടെ തുടങ്ങിയ ജില്ലാതല കമ്മിറ്റി, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയതോടെ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി സുതാര്യതയ്ക്കുവേണ്ടി വിപുലപ്പെടുത്തി. ഈ കമ്മിറ്റിയില്‍ കുറുമ വിഭാഗത്തില്‍പ്പെട്ട ഒരാളൊഴിച്ചാല്‍ ആദിവാസി സംഘടനാ പ്രതിനിധികളില്ല. വയനാട്ടിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ ഒരു മുഖ്യധാര വിഷയമാക്കി മാറ്റിയെടുത്തത് ആദിവാസി സമരങ്ങള്‍ തന്നെയായിരുന്നിട്ടും അതിന് നേതൃത്വപരമായ പങ്കുവഹിച്ചവരെയൊന്നും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റൊരു പ്രധാനവിഷയം എന്‍.ടി.സി.എയില്‍ പറയുന്ന ജില്ലാകമ്മിറ്റിയും വനാവകാശത്തില്‍ പറയുന്ന ജില്ലാക്കമ്മിറ്റിയും തികച്ചും വ്യത്യസ്തമാണ് എന്നതാണ്. ഇത് വലിയതോതില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

2012 മുതല്‍ 2017 വരെയുള്ള മാറ്റിപ്പാര്‍പ്പിക്കല്‍ നടപടികള്‍ പരിശോധിച്ചാല്‍ വനാവകാശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ തുലോംതുച്ഛമാണെന്ന് മനസ്സിലാകും. കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഏതാണ്ട് മുഴുവനുംതന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ എങ്ങനെ എളുപ്പമാക്കാം എന്നത് മാത്രമാണ്. ‘സ്വയംസന്നദ്ധ’ എന്ന പേരിനെ മറികടക്കാന്‍ വേണ്ടിയുള്ള ആലോചനകളും അരങ്ങില്‍ നടന്നുകൊണ്ടിരിക്കുന്നു. മാറ്റിപ്പാര്‍പ്പിക്കലിന് താല്പര്യമില്ലാത്ത കാട്ടുനായ്ക്ക കുടുംബങ്ങളെ ഇപ്പോള്‍ അവരുള്ളതിന്റെ ഓരങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയും രൂപപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ ആദ്യഘട്ടത്തില്‍ കൊട്ടങ്കരനിന്ന് മാറ്റിപ്പാര്‍പ്പിച്ച രണ്ടു കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് (രാജന്‍, കൃഷ്ണന്‍) അമ്പലവയലില്‍ സ്ഥലം നല്‍കിയെങ്കിലും അവിടെ കൃഷി ചെയ്യാനോ, വീടുവയ്ക്കാനോ സാധിക്കാതെ അവര്‍ അവിടംവിട്ട് കല്ലൂരുള്ള ബന്ധുവീട്ടില്‍ താമസിച്ചു കൂലിപ്പണി ചെയ്തു ജീവിക്കുകയാണ്. ഇങ്ങനെ കൃഷിഭൂമിയും വീടും ഉള്ളവരെ അവിടെനിന്നും പുറത്താക്കി അഭയാര്‍ത്ഥികളാക്കാനുള്ള നീക്കം തടയേണ്ടതാണ്.


2017 ഓഗസ്റ്റിലെ സി.എ.ജി അന്വേഷണ റിപ്പോര്‍ട്ടില്‍  വയനാട്ടില്‍ നിന്ന് ആദിവാസികളെ  മാറ്റിപ്പാര്‍പ്പിച്ചത് വനാവകാശ നിയമത്തിലെ 4(2) ന്റെ  ലംഘനം ആണെന്ന് പറയുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി ആദിവാസി വികസന ഓഫീസര്‍, അമ്മവയല്‍ ഗോളൂര്‍ മേഖലയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച കുടുംബങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറിച്യാട് കോളനിയിലെ കുടുംബങ്ങള്‍ക്ക്  രജിസ്ട്രേഷന്‍ സ്റ്റാമ്പിനത്തില്‍ ഒഴിവാക്കപ്പെടാന്‍ അനുമതി ഗവണ്‍മെന്റില്‍ തീരുമാനമായിരുന്നു. വനാവകാശ രേഖകള്‍ ഇവര്‍ തിരിച്ചു നല്‍കിയതായോ വനം വകുപ്പ് ഭൂമി ഏറ്റെടുത്തതായോ രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ചുരുങ്ങിയത് 1 ഏക്കര്‍ കൃഷിയോഗ്യമായ ഭൂമി നല്‍കണമെന്നും പ്രത്യേകിച്ച് കാര്യക്ഷമമല്ലാത്ത പ്ലാന്റേഷനുകള്‍ കണ്ടെത്തി നല്‍കണമെന്നുള്ള 2011 ഏപ്രില്‍ 24 , 2011  ഡിസംബര്‍ മൂന്ന് തീയതികളിലെ കത്തുകളും 2011 ഏപ്രില്‍ 2 ലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി യുടെ അധ്യക്ഷതയില്‍ നടന്ന മീറ്റിങ്ങും മുന്‍  നിര്‍ത്തി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന് സി.എ.ജി പറയുന്നു. സി.എ.ജിയുടെ ഓഡിറ്റ് സംഘം തന്നെ തെളിവെടുപ്പ് നടത്തിയതില്‍ നിന്ന് കൊട്ടങ്കര ഊരിലെ കരിമ്പന്‍ മകന്‍ ഒണ്ടന്റെ കുടുംബത്തിന് 40 ലക്ഷത്തില്‍ 10 ലക്ഷം രൂപ മാത്രമേ നല്‍കിയിട്ടുള്ളൂ. ഭൂരഹിതനായിരിക്കുന്ന കരിമ്പന്‍ ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും 2011  നവംബര്‍ 29 നു ഇല്ലാ എന്ന പേര് പറഞ്ഞു ആദിവാസികളുടെ മേല്‍ വിവേചനം നടന്നു എന്ന അവരുടെ പരാതി പട്ടിക വര്‍ഗ വകുപ്പ് അന്വേഷണം നടത്തിയിട്ടില്ല എന്നും രേഖപ്പെടുത്തുന്നു.

ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു വസ്തുത, ദേശീയ കരട് വന  നയം (2018 ) പുറത്തുവിട്ട പരിസ്ഥിതി മന്ത്രാലയം വനമേഖല സ്വകാര്യ വല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനോട് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നു.  ഇതില്‍ വളരെ പ്രധാനപ്പെട്ടത് കേന്ദ്ര ആദിവാസി മന്ത്രാലയം ഇതിനെ എതിര്‍ത്തു എന്നതാണ് (letter dated 19  june  2018).  വനങ്ങളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യ അവകാശങ്ങളെ മാനിക്കുന്നതല്ല ദേശീയ കരട് വന നയം എന്ന് മന്ത്രാലയം കുറ്റപ്പെടുത്തുന്നുണ്ട്. വന സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും കാര്യത്തില്‍ മാറി വന്ന പ്രവണതകളെ ഒരു തരത്തിലും നയം പ്രതിഫലിക്കുന്നില്ലാ എന്നും  പഞ്ചായത്ത് എക്സ് സ്റ്റെന്‍ഷന്‍ ആക്ട് റ്റു ഷെഡ്യൂള്‍ഡ് ആര്‍.എസ് (പെസ), വനാവകാശ നിയമം എന്നിവയെ പരിഗണിക്കുന്നില്ല എന്നും ഈ രണ്ടു നിയമങ്ങളും വിഭവങ്ങളുടെയും ജൈവ സമ്പത്തിന്റെയും നട്ടെല്ലാണെന്നും പറയുന്നു. വനത്തില്‍ വരുന്ന പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്)  മാതൃക വനാവകാശ നിയമ പ്രകാരം അവകാശങ്ങള്‍ അംഗീകരിച്ച പ്രദേശത്തേക്ക് കൂടി കടന്നു ചെല്ലും.  ഇതുകൊണ്ടൊക്കെ തന്നെ കാട് കാടിന് വിട്ടു കൊടുക്കുക എന്നൊക്കെയുള്ള കാല്‍പനികതകള്‍ ചെന്നെത്തുന്നത് കോര്‍പറേറ്റുകളുടെ കയ്യില്‍ ആയിരിക്കും.

ഇത്രയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് ഇതിനെതിരെ ഒരു സംഘടിത ശബ്ദം ഉയരാത്തത് എന്ന് സ്വാഭാവികമായും തോന്നിയേക്കാം.

അതിനുള്ള ഉത്തരം, ഇത്തരം മാറ്റിപ്പാര്‍പ്പിക്കലുകള്‍ അടിസ്ഥാനപരമായി ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നതാണ്. അനാദിവാസികളെയോ, കര്‍ഷകരെയോ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന പദ്ധതിയായിരുന്നെങ്കില്‍ വയനാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെട്ടേനെ. 1975ലെ അന്യാധീനപ്പെട്ട ഭൂമിയുടെ വിഷയത്തിലും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇത് നമ്മള് കണ്ടതാണ്. ആദിവാസിക്ക് അനുകൂലമായ എല്ലാത്തിനേയും തല്ലിക്കെടുത്തുന്നതും, വിവേചനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും നേരെ കണ്ണടച്ചും അധികകാലം നീങ്ങുക സാധ്യമല്ല.

വന്യജീവിസങ്കേതം ആയിരുന്ന നാഗര്‍ഹൊള ഒരു കടുവാസങ്കേതം ആക്കുന്നതുമായി ബന്ധപ്പെട്ട അനുഭവം വയനാടുമായി സമാനസ്വഭാവമുള്ളവയാണ്. 40 കടുവകളെ കണ്ടതോടുകൂടിയാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നുവരുന്നത്. 6000 ആദിവാസികള്‍ജീവിച്ചുവന്നിരുന്ന നാഹര്‍ഹൊളയില്‍ നിന്നും കടുവാസംരക്ഷണത്തിനുവേണ്ടി ആദിവാസികളെ പുറത്താക്കാന്‍ ശ്രമം നടന്നു. ഇന്ത്യയില്‍ പല ഭാഗത്തും സമാനാനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം വനംവകുപ്പും ആദിവാസികളെ കുടിയിറക്കുകയും വനാതിര്‍ത്തിയില്‍നിന്നും ദൂരത്തേക്ക് മാറ്റാനുമുള്ള ശ്രമങ്ങള്‍ക്ക് സഹായം ചെയ്യുകയാണ് ചെയ്യുന്നത്.

ഒരുവശത്ത് ഇത്തരം ഒഴിപ്പിക്കല്‍ നടക്കുമ്പോഴാണ് കര്‍ണ്ണാടക വനംവകുപ്പ് താജ് റിസോര്‍ട്ടിന് നാഗര്‍ഹൊള കടുവാ സങ്കേതത്തിനുള്ളില്‍ അനുമതി കൊടുക്കുന്നത്. ഉത്തര്‍പ്രദേശിലെ രാജാജി വന്യജീവി സങ്കേതത്തിലും, ഒറീസയിലെ സിംലിപ്പലിലും, മധ്യപ്രദേശിലെ കന്‍ഹയിലും, മഹാരാഷ്ട്രയിലെ മേല്‍ഘട്ടിലും ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികളെ ഒറ്റപ്പെട്ടു കാണുവാന്‍ സാധിക്കുകയില്ല. ഇത് ഉറച്ചുപോയ പാരിസ്ഥിതിക ചിന്താപദ്ധതിയുടെ പോരായ്മയാണ്.