ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ഏറ്റവുമൊടുവിലിറങ്ങിയ ഉണക്കമുന്തിരി പാട്ട് പ്രക്ഷകരുടെ ഹൃദയത്തിലേക്കാണ് ചേക്കേറിയത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരുന്നത്. ഇതും മലയാളികള്‍ക്ക് കൗതുകമായിരുന്നു.
ഇതിന് മുന്‍പ് വിനീതിന്റെ സംഗീത ആല്‍ബമായിരുന്ന ഉയര്‍ന്ന് പറന്ന് എന്ന ആല്‍ബത്തിലും ജൂഡ് ആന്റണിയുടെ സാറാസിലും ദിവ്യ പാടിയിട്ടുണ്ട്. അതേസമയം പാട്ടിലൂടെയാണ് താനും വിനീതും ഒന്നിച്ചതെന്ന് പറയുകയാണ് ദിവ്യ. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്.
‘പാട്ട് തന്നെയാണ് എന്നെയും വിനീതിനെയും ഒന്നിപ്പിച്ചത്. ചെന്നൈ കെ.സി.ജി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഞങ്ങള്‍ പഠിച്ചത്. അവിടെ വച്ച് വിനീതിന്റെ സുഹൃത്തുക്കള്‍ എന്നെ റാഗ് ചെയ്യാനായി പിടിച്ചു. മലയാളത്തില്‍ പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മലയാളി ആണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലായത് കൊണ്ട് മലയാളം അത്രയ്ക്ക് വശമില്ലായിരുന്നു.
അതുകൊണ്ട് തന്നെ മലയാളം പാട്ട് പാടാന്‍ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അന്നേരം ഇവന്‍ നിന്നെ പഠിപ്പിച്ച് തരുമെന്ന് പറഞ്ഞ് അവര്‍ വിനീതിനെ വിളിച്ചു. അങ്ങനെയാണ് വിനീതിനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത്. 17 വര്‍ഷത്തെ പ്രണയം, സൗഹൃദം ആ യാത്ര തുടരുന്നു,’ ദിവ്യ പറഞ്ഞു.
ഹൃദയത്തിലെ പാട്ട് പാടുന്നതിലേക്കെത്തിയത് അപ്രതീക്ഷിതമായിട്ടാണെന്നും ദിവ്യ പറയുന്നു. ‘ഹിഷാമാണ് ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ചോദിക്കുന്നത്, ചേട്ടാ നമുക്ക് ചേച്ചിയുടെ ശബ്ദം ഒന്ന് നോക്കിയാലോ എന്ന്. വിനീത് ശരിയെന്നും പറഞ്ഞു. റെക്കോര്‍ഡ് ചെയ്യുന്നതിന്റെ തലേന്നാണ് വിനീത് ഇതെന്നോട് പറയുന്നത്.
നന്നായി പാടുന്ന വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന് ഞാന്‍ ചോദിച്ചു. നമുക്കൊന്ന് ട്രൈ ചെയ്യാം ശരിയായില്ലെങ്കില്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്യാമെന്നായിരുന്നു വിനീതിന്റെ മറുപടി. അങ്ങനെയാണ് ഉണക്കമുന്തിരിയിലേക്ക് എത്തുന്നത്. പക്ഷേ അതിത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല,’ ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഹൃദയം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: divya about vineeth sreenivasan