തിരുവനന്തപുരം: സീറോ മലബാര്‍ സഭയിലെ ലൈംഗികാരോപണങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി വിശ്വാസികളുടെ ഭീമഹര്‍ജി.
സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ മുഴുവന്‍ മെത്രാന്മാരും പങ്കെടുക്കുന്ന നാലുദിവസത്തെ വാര്‍ഷിക സിനഡിന് നല്‍കാനായിട്ടാണ് വിശ്വാസികള്‍ പരാതി തയ്യാറാക്കിയത്.
കുംഭകോണം, തിരിമറി, ലൈംഗിക ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് വിശ്വാസികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരാതികള്‍ പരിശോധിച്ച് തെറ്റുതിരുത്തല്‍ നടപടികള്‍ കൈക്കൊളളുകയും ക്രിയാത്മക തീരുമാനം വേണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സഭയിലെ ബിഷപ്പുമാര്‍ പ്രതിക്കൊപ്പം നിന്നെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പ്രതിയാക്കാന്‍ സഭ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയെന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഫാ.റോബിന്‍ വടക്കുംചേരിയെ മാനന്തവാടി രൂപത സംരക്ഷിക്കുകയായിരുന്നെന്നും സഭാ സ്ഥാപനമാണ് വൈദികന് കാനഡയ്ക്ക് കടക്കാന്‍ ടിക്കറ്റെടുത്തത് നല്‍കിയതെന്നും പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മാനന്തവാടിയിലെ ചൂണ്ടക്കര ഇടവകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയ മുന്‍ അസിസ്റ്റന്റ് വികാരിയെ സംരക്ഷിച്ചെന്നും അതുപോലെ പാലാ മേഖലയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി പുലര്‍ത്തിയ അരുതാത്ത ബന്ധം പുറത്തുവന്നിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ സ്ഥലവില്‍പ്പന 400 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ഒരു ബിഷപ്പ് റോമില്‍ പ്രൊക്യൂറാ വാങ്ങിയതില്‍ തിരിമറി നടന്നെന്നും പരാതിയില്‍ വിശ്വസികള്‍ പറയുന്നു.
പ്രധാനപ്പെട്ട പരാതികള്‍ ഇങ്ങനെ
വയനാട്ടില്‍ സഭയുടെ 500 ഏക്കര്‍ സ്ഥലം നിസാരവിലയ്ക്ക് വിറ്റു. കാനോന്‍ നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല.
ദരിദ്രര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വാങ്ങിയ സാന്ത്വനം ട്രസ്റ്റിന്റെ സ്ഥലം നിസാര വിലയ്ക്ക് വിറ്റു. തുക ട്രസ്റ്റിന്റെ അക്കൗണ്ടില്‍ ലഭിച്ചിട്ടില്ല.
ഇടുക്കി അണക്കരയിലെ തൂങ്കുഴി മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലം തട്ടിയെടുക്കാന്‍ വൈദികന്‍ ശ്രമിക്കുന്നതായി കോടതിയില്‍ കേസ് നിലനില്‍ക്കുന്നു.
കാഞ്ഞിരപ്പളളി രൂപത തന്റെ സ്ഥലം തട്ടിയെടുക്കുന്നതായി ആരോപിച്ച് വിധവയായ മോണിക്ക തോമസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു
പാലാ രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന മെഗാ മെഡിസിറ്റി പദ്ധതിയില്‍ അഴിമതിയെന്ന് ആരോപണം
ചങ്ങനാശേരി രൂപത ടിവി ചാനല്‍ തുടങ്ങാന്‍ സമാഹരിച്ച തുകയുടെ കണക്കുകളും പദ്ധതി വിവരങ്ങളും പുറത്തുവിട്ടില്ല.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ വൈദികനെ ചങ്ങനാശേരി അതിരൂപത സംരക്ഷിക്കുന്നു തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറ്റ് പരാതികള്‍