വിവാഹമോചിതയായ മുസ്‌ലിം യുവതിക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാം: സുപ്രീം കോടതി
NATIONALNEWS
വിവാഹമോചിതയായ മുസ്‌ലിം യുവതിക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 2:06 pm

ന്യൂദൽഹി: ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. 1986 ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം മതേതരത്വത്തിന് മേലെ നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ മുസ്‌ലിം യുവാവ് അബ്ദുൽ സമദ് നൽകിയ ഹരജി തള്ളികൊണ്ടായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് അബ്ദുൽ സമദ് നൽകിയ ഹരജി തള്ളിയത്.

‘വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സി.ആർ.പി.സി സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെ ഞങ്ങൾ ക്രിമിനൽ അപ്പീൽ തള്ളുകയാണ്,’ എന്നായിരുന്നു ബെഞ്ച് പറഞ്ഞത്.

അബ്ദുൾ സമദിൻ്റെ മുൻ ഭാര്യക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകാൻ കുടുംബകോടതി ആദ്യം നിർദേശിച്ചിരുന്നു. എന്നാൽ അബ്ദുൽ സമദ് ഈ നിർദേശത്തെ ചോദ്യം ചെയ്ത് തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജിക്കാരൻ പറയുന്നതനുസരിച്ച് 1986 ലെ മുസ്‌ലിം സ്ത്രീ നിയമ പ്രകാരം വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം ജീവനാംശം നേടാൻ അർഹതയില്ലെന്ന് ബെഞ്ച് വാദിക്കുകയായിരുന്നു. തുടർന്ന് ജീവനാംശം 10000 രൂപയായി കുറച്ചു. എന്നാൽ പിന്നീട്‌ ഇയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Divorced Muslim woman can seek maintenance from husband: Supreme Court