| Saturday, 11th February 2023, 3:34 pm

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ 'സംവിധായകരുടെ സിനിമ' പദ്ധതി: 'ഡിവോഴ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മന്ത്രി സജി ചെറിയാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ഡിവോഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാല്‍ ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ഐ.ജിയുടെ ആദ്യ സിനിമാ സംരഭമാണിത്. ഡിവോഴ്സില്‍ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതി ന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകള്‍ വച്ച് ഓരോരുത്തരുടെയും ജീവിതം പുനര്‍നിര്‍ണയിക്കുന്നു.

സന്തോഷ് കീഴാറ്റൂര്‍, പി ശ്രീകുമാര്‍, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണന്‍, അശ്വതി ചാന്ദ് കിഷോര്‍, കെ.പി.എ.സി. ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടന്‍, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ഗാനങ്ങള്‍ സ്മിത അമ്പു, സംഗീതം സച്ചിന്‍ ബാബു, ആര്‍ട് നിതീഷ് ചന്ദ്ര ആചാര്യ, ലൈന്‍ പ്രൊഡ്യൂസര്‍ അരോമ മോഹന്‍, എഡിറ്റര്‍ ഡേവിസ് മാന്വല്‍, സൗണ്ട് ഡിസൈന്‍ സ്മിജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ഗില്‍ബെര്‍ട് കോസ്റ്റും ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റീല്‍സ് ഹരി തിരുമല, സബ് ടൈറ്റില്‍ വിവേക് രഞ്ജിത്ത്, പരസ്യകല ലൈനോജ് റെഡ് ഡിസൈന്‍, യെല്ലോ ടൂത്ത്‌സ്, വാര്‍ത്ത പ്രചാരണം റോജിന്‍ കെ. റോയ്.

2019ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെ.എസ്.എഫ്.ഡി.സി. പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം സംവിധായികമാരില്‍ നിന്ന് തിരക്കഥകള്‍ അയക്കാനായി ആവശ്യപ്പെട്ടു. 60ഓളം തിരക്കഥകളില്‍ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെ.എസ്.എഫ്.ഡി.സി. സഹായം നല്‍കിയത്.

content highlight: divorce movie saji cherian post

We use cookies to give you the best possible experience. Learn more