അഹമ്മദാബാദ്: വിവാഹമോചനത്തിന് കാരണം വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയുമാണെന്ന വിചിത്ര വാദവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാകാനുള്ള കാരണങ്ങളാണ്. ഇതുമൂലമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്നതെന്നാണ് മോഹന്‍ ഭാഗവതിന്റെ വാദം.
ഹിന്ദു സമൂഹത്തിന് പകരംവെക്കാന്‍ പാകത്തിന് ഇന്ത്യയില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറഞ്ഞു.
2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.