| Wednesday, 2nd October 2019, 12:12 am

'തമ്മില്‍ത്തല്ലിക്കുന്ന രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ല' അമിത് ഷായ്ക്ക് മറുപടിയുമായി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൗരത്വ ബില്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളിലേക്ക് വരുന്ന എല്ലാവര്‍ക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കാതിരിക്കുക. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുക. ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ല. അമിത് ഷായുടെ പേരെടുത്ത് പറയാതെ മമത പറഞ്ഞു.

ഒപ്പം വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുര്‍ഗാപൂജയില്‍ ഒത്തു ചേരുന്നതായും മമത പറഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കുമെന്നും മതിയായ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കുകയുള്ളുവെന്നും ആയിരുന്നു അമിത് ഷാ പറഞ്ഞത്.
ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു ഒറ്റ നുഴഞ്ഞുകയറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാവരെയും പുറത്താക്കും.’ അമിത് ഷാ പറഞ്ഞു.

എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ രാജ്യത്തു നിന്ന് പുറത്ത് പോവേണ്ടിവരുമെന്നാണ് മമത ബാനര്‍ജി പറയുന്നതെന്നും, എന്നാല്‍ ഹിന്ദു, സിക്ക്, ജൈനര്‍, ബുദ്ധര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരെ കേന്ദ്രം നിര്‍ബന്ധിച്ച് പുറത്താക്കില്ല എന്നും അമിത് ഷാ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more