മൊഹാലി: തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ തമ്മില്‍ ഡ്രസ്സിംഗ് റൂമില്‍ കൈയ്യാങ്കളിയിലെത്തിയെന്ന് “ഡെക്കാന്‍ ക്രോണിക്കിള്‍” റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ഷോണ്‍ മാര്‍ഷിനെ യഥാര്‍ഥത്തില്‍ നാട്ടിലേക്ക് തിരിച്ചയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡ്രസ്സിംഗ് റൂമില്‍ മറ്റൊരു താരവുമായി അടിയുണ്ടാക്കിയതിന്റെ പേരിലാണ് മാര്‍ഷിനെ തിരിച്ചയത്. ഐ.പി.എല്ലില്‍ ആറ് കളികളില്‍ 159 റണ്‍സെടുത്ത മാര്‍ഷ് പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു. ടൂര്‍ണമെന്റിനിടെ ക്യാപ്റ്റനെ മാറ്റിയതിന് പിന്നിലും തമ്മിലടിയാണെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ണമെന്റിനിടെ ഡേവിഡ് മില്ലറെ നായകസ്ഥാനത്തു നിന്ന് നീക്കി മുരളി വിജയ്‌യെ ക്യാപ്റ്റനാക്കിയിരുന്നു. മാര്‍ഷ് അടിയുണ്ടാക്കിയ സംഭവത്തിനുശേഷമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം മില്ലറുടെ പ്രകടനത്തെ ബാധിക്കുന്നതിനാലാണ് മാറ്റിയതെന്നായിരുന്നു ടീം മാനേജ്‌മെന്റ് ഇതിനു നല്‍കിയ വിശദീകരണം. മാര്‍ഷിനെ തിരിച്ചയച്ചശേഷം പഞ്ചാബ് കളിച്ച മത്സരത്തില്‍ മൂന്ന് വിദേശതാരങ്ങളെ മാത്രമെ കളിപ്പിച്ചിരുന്നുള്ളു. മാര്‍ഷിന് പകരം മനന്‍ വോറയായിരുന്നു അന്തിമ ഇലവനില്‍ കളിച്ചത്.
നാലു വിദേശ താരങ്ങളെ കളിപ്പിക്കാമായിരുന്നിട്ടും മൂന്ന് പേരെ മാത്രം കളിപ്പിച്ച പഞ്ചാബിന്റെ നടപടി അന്നേ സംശയത്തിനടയാക്കിയിരുന്നു. ടീമിലെ ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും രണ്ടുതട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.പി.എല്ലില്‍ താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും ഇതാദ്യമല്ലെങ്കിലും ടീം അംഗങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്.
ബംഗളുരുവിനെതിരായ ഒരു റണ്‍ തോല്‍വിക്കുശേഷം ടീം ഉടമ പ്രീതി സിന്റ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിനോട് പരസ്യമായി പൊട്ടിത്തെറിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ടീം അംഗങ്ങള്‍ക്കിടയിലെ തമ്മിലടിയും പരസ്യമാകുന്നത്. ഐ.പി.എല്ലില്‍ പത്ത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.