| Tuesday, 10th December 2013, 11:45 am

സൂര്യനെല്ലി: കുര്യനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബഞ്ച് പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറി. സ്ത്രീപീഡനക്കേസ് പരിഗണിക്കുന്ന പ്രത്യേക ബഞ്ചാണ് പിന്മാറിയത്.

കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ വിസ്താരം നടക്കുന്നതിനാലാണ് പിന്മാറുന്നതെന്നും വിസ്താരം കഴിഞ്ഞാല്‍ ഇക്കാര്യം വീണ്ടും പരിഗണിക്കാമെന്നുമാണ് പിന്മാറ്റത്തിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്.

എംഎല്‍ ജോസഫ്, ശങ്കരനുണ്ണി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിന്മാറിയിരിക്കുന്നത്. കുര്യനെ കുറ്റവിമുക്തനാക്കുമ്പോള്‍ തന്റെ വാദം കേട്ടില്ലെന്ന പെണ്‍കുട്ടിയുടെ ഹരജിയിലാണ് പിന്മാറ്റം.

പെണ്‍കുട്ടിയുടെ ഹരജി സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറുകയായിരുന്നു. ഹരജിയില്‍ പ്രധാന നിയമപ്രശ്‌നമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബഞ്ചിന് കൈമാറിയത്.

സൂര്യനെല്ലി കേസില്‍നിന്ന് പി.ജെ. കുര്യനെ ഒഴിവാക്കുന്നതിനുമുമ്പ് ഇരയുടെ വാദം കേള്‍ക്കേണ്ടിയിരുന്നെന്ന് ഹൈകോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു.

2006 ലാണ് കേസില്‍ നിന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്. പി.ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

പി.ജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more