ബാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: ബാറുകള്‍ തുറക്കും
Daily News
ബാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: ബാറുകള്‍ തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2014, 3:47 pm

barകൊച്ചി: സംസ്ഥാനത്ത് 250 ബാറുകള്‍ പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ടുസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഒരു മാസത്തേക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മദ്യനയത്തിന് ഭാഗിക അംഗീകാരം നല്‍കിയ  സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

മദ്യനയം സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ വിചാരണയില്‍ തങ്ങളുടെ വാദം പരിഗണിച്ചില്ലെന്നാണ് ബാര്‍ ഉടമകള്‍ ആരോപിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് വിവേചനാപരമാണെന്നും ത്രീസ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്‍ വാദിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ബാബു മാത്യു, പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിള്‍ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ടത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് വ്യാഴാഴ്ച സിംഗിള്‍ ബഞ്ച് വിധി പ്രസ്താവിച്ചത്.