| Thursday, 6th December 2012, 3:18 pm

ഭൂമിദാനക്കേസ്: സിങ്കിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കിയ സിങ്കിള്‍ ബെഞ്ച് ഉത്തരവ്  ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ്‌ സ്റ്റേ പുറപ്പെടുവിച്ചത്.

കേസില്‍ വേണ്ടത്ര വാദം കേള്‍ക്കാതെയാണ് കേസ് റദ്ദാക്കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സ്റ്റേ പുറപ്പെടുവിച്ചത്. []

വി.എസിനെതിരെ കുറ്റപത്രം നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എഫ്.ഐ.ആര്‍ റദ്ദാക്കിയ നടപടി കേസ് ഡയറി പരിശോധിക്കാതെയാണെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

സ്റ്റേ കാലയളവില്‍ വി.എസിന് കുറ്റപത്രം നല്‍കുന്നത് ഹൈക്കോടതി വിലക്കി. ഇന്ന് രാവിലെയാണ് വി.എസ് അച്യുതാനന്ദനെതിരെയുള്ള എഫ്.ഐ.ആര്‍ സിങ്കിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വി.എസിന് എതിരായ കേസ് റദ്ദാക്കിയത്. വി.എസിനെ പ്രതിസ്ഥാനത്ത് നിന്നും ഹൈക്കോടതി ഒഴിവാക്കിയിരുന്നു. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കുകയാണ്. വി.എസിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്നും ബന്ധുവിന് ഭൂമി നല്‍കാന്‍ വി.എസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭൂമിദാനക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിന്ന് നീക്കിയതില്‍ ഹൈക്കോടതി ബുധനാഴ്ച സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിനെ പ്രതിസ്ഥാനത്തു നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്.

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ക്കാം എന്ന് വിജിലന്‍സ് നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

2010ല്‍ വി.എസ്സിന്റെ ആലപ്പുഴക്കാരനായ ബന്ധുവും  വിമുക്തഭടനുമായ ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയാണ് വിമുക്തഭടനായ ടി.കെ. സോമന് ഭൂമി അനുവദിച്ച് തീരുമാനമെടുത്തത്.

1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് ടി.കെ. സോമന് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more