ന്യൂദല്‍ഹി: അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തിരിച്ചതില്‍ കടുത്ത നിരാശ രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രിയങ്ക പറഞ്ഞു.
‘നമ്മളൊരു ജനതയാണ്. നമ്മളെ പരസ്പരം വേര്‍തിരിക്കാനല്ല, മഹാമാരിയില്‍നിന്നും സ്വയം രക്ഷിക്കാനാണ് നമ്മള്‍ പോരാടുന്നത്’, പ്രിയങ്ക പറഞ്ഞു.
മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും ഈ രാജ്യത്തിന്റെയും ഇവിടുത്തെ ധീരരായ ജനതയുടെയും ശത്രുവാണ്’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും മതം പരിശോധിച്ച ശേഷം വ്യത്യസ്ത വാര്‍ഡുകളിലാക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി രണ്ട് വ്യത്യസ്ത വാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണ്‍വന്ത് എച്ച് റാത്തോഡ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ