| Friday, 3rd May 2019, 1:04 pm

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം: പ്രതിപക്ഷ പരാതിയില്‍ മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ തെരഞ്ഞെടുപ്പു കമ്മീഷനിലെ ഒരംഗം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനിലെ ഒരംഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. പരാതി പരിഗണിച്ച തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്നുപേരില്‍ ഒരു കമ്മീഷണറാണ് എതിരഭിപ്രായം പറഞ്ഞത്.

ഏപ്രില്‍ ഒന്നിന് വാദ്രയില്‍ നടത്തിയ ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ പ്രസംഗവുമായും ഏപ്രില്‍ ഒമ്പതിന് ലാത്തൂരില്‍ ബാലാകോട്ട് വിഷയം ഉയര്‍ത്തി നടത്തിയ പരാമര്‍ശവുമായും ബന്ധപ്പെട്ടാണ് മോദിയ്‌ക്കെതിരെ പരാതി വന്നത്. ഈ രണ്ട് പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ ഒരു കമ്മീഷണര്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ രാജസ്ഥാനിലെ ബാര്‍മറില്‍ പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിക്കൊണ്ട് മോദി പറഞ്ഞ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതി തള്ളുന്നതില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കെല്ലാം ഒരേ നിലപാടിയിരുന്നു. ഇന്ത്യയുടെ ആണവായുധങ്ങള്‍ ദിപാവലിക്ക് വേണ്ടിയുണ്ടാക്കിയതല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരുള്‍പ്പെട്ടതാണ് ഇലക്ഷന്‍ കമ്മീഷന്‍.

1991ലെ ഇലക്ഷന്‍ കമ്മീഷന്‍ നിയമത്തിലെ സെക്ഷന്‍ 10 അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിയാവുന്നത്ര ഏകസ്വരത്തില്‍ തീരുമാനമെടുക്കണം. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ ഭിന്നതകള്‍ വരികയാണെങ്കില്‍ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് നടപടിയെടുക്കണമെന്നുമാണ് ചട്ടം. ഇതുപ്രകാരമാണ് മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more