ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനിലെ ഒരംഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. പരാതി പരിഗണിച്ച തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്നുപേരില്‍ ഒരു കമ്മീഷണറാണ് എതിരഭിപ്രായം പറഞ്ഞത്.
ഏപ്രില്‍ ഒന്നിന് വാദ്രയില്‍ നടത്തിയ ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ പ്രസംഗവുമായും ഏപ്രില്‍ ഒമ്പതിന് ലാത്തൂരില്‍ ബാലാകോട്ട് വിഷയം ഉയര്‍ത്തി നടത്തിയ പരാമര്‍ശവുമായും ബന്ധപ്പെട്ടാണ് മോദിയ്‌ക്കെതിരെ പരാതി വന്നത്. ഈ രണ്ട് പരാതികളിലും മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ ഒരു കമ്മീഷണര്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ രാജസ്ഥാനിലെ ബാര്‍മറില്‍ പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിക്കൊണ്ട് മോദി പറഞ്ഞ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതി തള്ളുന്നതില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കെല്ലാം ഒരേ നിലപാടിയിരുന്നു. ഇന്ത്യയുടെ ആണവായുധങ്ങള്‍ ദിപാവലിക്ക് വേണ്ടിയുണ്ടാക്കിയതല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.