വയാനാട് : വയനാട് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസി ന് തുറന്ന കത്തുമായി ആദിവാസി നേതാവ് മണിക്കുട്ടൻ പണിയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഏത് രീതിയിലാണ് ഞങ്ങളെ നിങ്ങളുടെ കാബിനിൽ നിന്നും ആട്ടിപ്പായിച്ചത്?
എത്ര ഉറക്കെയാണ് നിങ്ങൾ ഞങ്ങളോട് ‘ഓളി’- യിട്ടത്?
എത്ര വെറുപ്പോടെയാണ് ഞങ്ങളെ നോക്കിയത്?
എത്ര നൈസ് ആയിട്ടാണ് ഇവിടുത്തെ സിസ്റ്റവും ഉദ്യോഗസ്ഥരും ഞങ്ങളോട് ചെയ്ത തെറ്റിനെ താങ്കൾ ന്യായീകരിച്ചത്?
എത്ര പെട്ടന്നാണ് ഞങ്ങളെ പ്രശ്നക്കാരാക്കിയത്? ‘
മണിക്കുട്ടൻ പണിയൻ ഫേസ്‌ബുക്കിൽ എഴുതി.
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ എൻ ഊരിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള അനാസ്ഥ ചൂണ്ടിക്കാട്ടാൻ വേണ്ടി കളക്ടറെ സമീപിച്ച മണിക്കുട്ടൻ പണിയൻ, കെ. അമ്മിണി തുടങ്ങിയ ആദിവാസി നേതാക്കളെ കളക്ടർ അപമാനിച്ചു എന്ന് കത്തിൽ സൂചിപ്പിക്കുന്നു.
‘ വയനാട്ടിലേക്ക് വരുന്ന ഒരു കളക്ടറെ വളരെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ ആദിവാസി സമൂഹം നോക്കിക്കാണുന്നത്. എന്നാൽ രേണു രാജ് ഐ.എ.എസ് ചുമതലയെടുത്ത ശേഷം വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് കളക്ടറുടെ മുമ്പിൽ എത്തിയിട്ടുള്ളത് അതിനർത്ഥം ആദിവാസികൾ സന്തോഷമായിരിക്കുന്നു എന്നല്ല. പ്രശ്നങ്ങൾക്ക് പരാതി കൊടുത്തു മടുത്തു,’ കത്തിൽ പറയുന്നു.
വ്യക്തിപരമായ കാര്യങ്ങൾക്കല്ല മറിച്ച് പൊതുവായ ആവശ്യത്തിനു വേണ്ടിയാണ് കളക്ടറെ സമീപിക്കുന്നത്. എന്നാൽ വളരെ അപമാനകരമായ അനുഭവമാണ് കളക്ടറിൽ നിന്ന് നേരിടേണ്ടി വന്നതെന്ന് കത്തിൽ സൂചിപ്പിക്കുന്നു. വയനാട്ടിലെ ആദിവാസികൾ വരുന്ന 10 വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നും പ്രയാസത്തിലൂടെയാണ് ആദിവാസി ജനത കടന്നുപോകുന്നതെന്നും മണിക്കുട്ടൻ പണിയൻ കത്തിൽ പറയുന്നു.
ആദിവാസികളുടെ നാമവശേഷത്തിന് കാരണക്കാർ ഞങ്ങളുടെ ക്ഷേമത്തിന് ഉത്തരവാദിത്തപ്പെട്ടവരായ ആളുകളാണ് എന്നും മണിക്കുട്ടൻ പറയുന്നു. നീതി ദേവതയെ തേടിവന്ന ആദിവാസികളുടെ ഹൃദയത്തിൽ നീതിദേവത തന്നെ മുറിവേൽപ്പിച്ചതിന്റെ കഥ തങ്ങൾ തങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട ഗതികെട്ട അവസ്ഥയാണ് ആദിവാസികൾക്ക് ഉള്ളത് എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
Content Highlight : Adivasi leader write open letter to Wayanad Collector