ന്യൂദല്‍ഹി: രാജ്യത്ത് വിമതശബ്ദം ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത ഉണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമീപകാലത്ത് വിമത ശബ്ദം ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത ഉണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് 51 ശതമാനം ലഭിച്ചാല്‍, അതിന്റെ അര്‍ത്ഥം 49 ശതമാനം അഞ്ച് വര്‍ഷത്തേക്ക് മൗനം പാലിക്കണം എന്നാണോ?’
ജനാധിപത്യവും വിയോജിപ്പും എന്ന സെമിനാറിനിടെയായിരുന്നു ദീപക് ഗുപ്തയുടെ പരാമര്‍ശം.
ഞാന്‍ ജുഡീഷ്യറിയില്‍ വിയോജിപ്പ് രേഖപ്പെടുത്താറുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഭയമില്ലാത്ത ജുഡീഷ്യറി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ രാജ്യദ്രോഹിയാണെന്നല്ല. നിങ്ങള്‍ക്ക് സര്‍ക്കാരിനോട് വിയോജിപ്പറിയിക്കാം, രാജ്യത്തിനോടല്ല. സര്‍ക്കാരും രാജ്യവും തമ്മില്‍ വ്യത്യാസമുണ്ട്.’, അദ്ദേഹം പറഞ്ഞു.
‘സമീപകാലത്ത് വിമത ശബ്ദം ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത ഉണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് 51 ശതമാനം ലഭിച്ചാല്‍, അതിന്റെ അര്‍ത്ഥം 49 ശതമാനം അഞ്ച് വര്‍ഷത്തേക്ക് മൗനം പാലിക്കണം എന്നാണോ?’- ദീപക് ഗുപ്ത ചോദിക്കുന്നു.
ഭൂരിപക്ഷവാദം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നവര്‍ക്ക് വേണ്ടി നിയമസഹായം ചെയ്തുകൊടുക്കില്ലെന്ന് പറഞ്ഞ് ബാര്‍ അസോസിയേഷനുകള്‍ പാസാക്കിയ പ്രമേയത്തോട് യോജിക്കുന്നില്ലെന്നും അത് നിയമപരമായ ധാര്‍മ്മികതയ്‌ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
വിയോജിക്കുന്നവരെ ദേശദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കുന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിനു നേരെയുള്ള ആക്രമണമാണെന്ന സുപ്രിം കോടതി ജഡ്ജ് ഡി.വൈ ചന്ദ്രചൂഢിന്റെ വാക്കുകളും അദ്ദേഹം പ്രസംഗത്തിനിടെ ഉദ്ധരിച്ചു.
സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: