മാൻഹാട്ടൻ: ലോകമെമ്പാടും വർധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ വികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാനും സർക്കാരുകളോടും ഓൺലൈൻ പ്ലാറ്റ്ഫോമുകളോടും ഗുട്ടെറസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ദിനത്തിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ വീഡിയോ സന്ദേശം വന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഗസയിൽ ഇസ്രഈൽ നടത്തിയ വിനാശകരമായ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയും ഇസ്‌ലാമോഫോബിയ, അറബ് വിരുദ്ധ പക്ഷപാതം, ജൂതവിരുദ്ധത എന്നിവയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
‘മുസ്‌ലിം വിരുദ്ധ വർഗീയതയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വർധനവ് നാം കാണുന്നു. മനുഷ്യാവകാശങ്ങളും അന്തസും ലംഘിക്കുന്ന വംശീയ ആക്രമണങ്ങളും വിവേചനപരമായ നയങ്ങളും മുതൽ വ്യക്തികൾക്കും ആരാധനാലയങ്ങൾക്കുമെതിരായ പ്രത്യക്ഷമായ അക്രമം വരെ നടക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതഭ്രാന്ത്, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്‌ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം,’ ഗുട്ടെറസ് പറഞ്ഞു. സാമൂഹിക ഐക്യം വളർത്താനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സർക്കാരുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഒരു കൂട്ടം ആളുകൾ ആക്രമിക്കപ്പെടുമ്പോൾ, എല്ലാവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടത്തിലാകുന്നുവെന്നും ഒരു ആഗോള സമൂഹമെന്ന നിലയിൽ, നാം മതവിദ്വേഷത്തെ നിരാകരിക്കുകയും ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുസ്‌ലിങ്ങൾ വിവേചനവും സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും നേരിടുന്നുണ്ടെന്ന് യു.എൻ അണ്ടർ സെക്രട്ടറി ജനറൽ മിഗുവൽ ഏഞ്ചൽ മൊറാറ്റിനോസ് പറഞ്ഞു.
നിലവിൽ, അമേരിക്ക പോലുള്ള നിരവധി രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകർ ഭീകരരെന്നും ഹമാസ് അനുകൂലികളെന്നും മറ്റും വിമർശിക്കപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ, യുണൈറ്റഡ് കിങ്‌ഡം, യു.എസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വർധനവിനെക്കുറിച്ചുള്ള ഡാറ്റ മനുഷ്യാവകാശ നിരീക്ഷകർ പ്രസിദ്ധീകരിച്ചിരുന്നു.
കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR) ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ , കഴിഞ്ഞ വർഷം മുസ്‌ലിം വിരുദ്ധ, അറബ് വിരുദ്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 8,658 പരാതികൾ ലഭിച്ചു. ഇത് വർഷം തോറും 7.4 ശതമാനം വർധിക്കുന്നുവെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് പറഞ്ഞു.
2019ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 50ലധികം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, 2022ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Content Highlight: ‘Disturbing rise of anti-Muslim bigotry’: UN chief urges govts to protect religious freedom