| Monday, 26th August 2019, 4:56 pm

മക്കള്‍ക്ക് തൊഴിലില്ലാത്തതില്‍ പ്രതിഷേധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ റാലിയില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോണിപത്: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നടത്തിയ ‘ജന്‍ ആശീര്‍വാദ് റാലി’യില്‍ 42 കാരന്‍ സ്വയം തീകൊളുത്തി. സോണിപത് സ്വദേശിയായ രാജേഷ് കുമാര്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള രാജേഷ് കുമാറിനെ റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മക്കള്‍ക്ക് തൊഴിലില്ലാത്തതിനാലാണ് രാജേഷിനെ തീകൊളുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ഹരിയാന ഭവനില്‍ വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഖട്ടാറിനെ കണ്ടിരുന്നുവെന്നും മക്കള്‍ക്ക് തൊഴിലില്ലാത്ത കാര്യം പറഞ്ഞിരുന്നുവെന്നും ആശുപത്രിയില്‍ വെച്ച് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മക്കള്‍ക്ക് ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്നും ഗ്രൂപ്പ് ഡി പോസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തീകൊളുത്തി ആളുകള്‍ക്കിടയിലൂടെ ഓടിയതിനാല്‍ മറ്റു രണ്ടു പേര്‍ക്ക് കൂടി പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പര്യടനത്തിലാണ് ഖട്ടാര്‍. 90 മണ്ഡലങ്ങളിലും കടന്നു പോകുന്ന തരത്തിലാണ് ‘ജന്‍ ആശീര്‍വാദ് റാലി’. സെപ്റ്റംബര്‍ 8ന് മോദിയെ പങ്കെടുപ്പിച്ച് കൊണ്ടാണ് യാത്ര അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more