| Wednesday, 15th April 2020, 10:47 pm

സംസ്ഥാനത്ത് ഏഴ് കൊവിഡ് ഹോട്ട്‌സ്‌പോട്ട് ജില്ലകള്‍; വയനാടിനെയും ഹോട്ട്സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചതില്‍ ഏഴെണ്ണം കേരളത്തിലും. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് കേരളത്തിലെ ഏഴുജില്ലകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ കേന്ദ്ര ആരോ?ഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂര്‍ണമായും ഹോട്ട് സ്‌പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്,ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ രോഗബാധ തീവ്രമല്ലാത്ത ( നോണ്‍ ഹോട്ട് സ്‌പോട്ട്) ജില്ലകളുടെ പട്ടികയിലും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലത്തില്‍ കോഴിക്കോട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളും രോഗവ്യാപന സാധ്യതയുള്ള ജില്ലകളായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.

തീവ്രമേഖലയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആ ജില്ലയെ നോണ് സ്‌പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസവും പുതിയ കൊവിഡ് രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ആ ജില്ലയെ ഗ്രീന്‍ സോണിലേക്ക് മാറ്റും.

രാജ്യത്തെ 700 ജില്ലകളില്‍ 170 എണ്ണമാണ് കൊവിഡ് ഹോട്ട് സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 207 എണ്ണം സാധ്യതാ ഹോട്ട് സപോട്ടുകളാണ്. ഈ സ്ഥലങ്ങളില്‍ രോഗമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഹോട്ട് സപോട്ടുകളില്‍ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കും. വീടുകള്‍തോറും കയറി സര്‍വ്വെ നടത്തുകയും ഇന്‍ഫ്‌ളുവന്‍സ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിശോധന നടത്തുകയും ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more